ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. സിന്‍ഹ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് സുബ്രത മുഖര്‍ജി അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് സിന്‍ഹ തൃണമൂലില്‍ എത്തിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി നേതൃനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോഡി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സമവായത്തില്‍ വിശ്വസിച്ചിരുന്ന ബിജെപി ഇപ്പോള്‍ കീഴടക്കലിന്റെ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് സിന്‍ഹ പറഞ്ഞു. അകാലിദളും ബിജെഡിയും ബിജെപിയോട് വേര്‍ പിരിഞ്ഞു. ഇപ്പോള്‍ ആരാണ് അവരുടെ ഒപ്പമുള്ളതെന്ന് സിന്‍ഹ ചോദിച്ചു. രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ കരുത്ത് എന്നാല്‍ അതിലെ സ്ഥാപനങ്ങളുടെ ശക്തിയാണ്. ഇപ്പോള്‍ ജൂഡീഷ്യറി അടക്കം ആ സംവിധാനങ്ങളെല്ലാം ദുര്‍ബലമായിരിക്കുന്നുവെന്ന് സിന്‍ഹ വിമര്‍ശിച്ചു.

1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 1984-ലാണ് സര്‍ക്കാര്‍ സര്‍വീസ് വിട്ട് സിന്‍ഹ രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. 1990 നവംബറില്‍ യശ്വന്ത് സിന്‍ഹ ആദ്യമായി കേന്ദ്രധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില് തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്‌പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. 2018-ലാണ് ബി.ജെ.പി വിടുന്നത്.

Exit mobile version