എല്ലാവരും ശാന്തത പാലിക്കണം: വീല്‍ചെയറിലാണെങ്കിലും ഉടന്‍ തിരികെ വരും; അണികളോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: അണികളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിന് പിന്നാലെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ കഴിയവെ വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ അഭ്യര്‍ത്ഥന.

‘എല്ലാവരും ശാന്തത പാലിക്കണമെന്നും ആളുകളെ അസൗകര്യപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാലിന് പരിക്കുണ്ട്, ഇപ്പോഴും വേദനയുമുണ്ട്. വീല്‍ചെയര്‍ ഉപയോഗിച്ചാണെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ തിരികെ വരും’- മമത പറഞ്ഞു.


നന്ദിഗ്രാമിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ബാനര്‍ജി ഇപ്പോഴുള്ളത്. കണങ്കാലിന്റെയും, തോളിന്റെയും എല്ലിന് സാരമായ പരിക്കേറ്റതായി ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.

അതേസമയം, മമത ബാനര്‍ജിക്കെതിരെ നടന്ന ആക്രമണം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മമതയെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. മമതക്ക് പരിക്കേറ്റ സാഹചര്യത്തില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റിവെച്ചു.

കഴിഞ്ഞ ദിവസമാണ് നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മമതക്ക് നേരെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു.

നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചിരുന്നു.

Exit mobile version