കുത്തിവെപ്പില്ലാതെയും കോവിഡ് വാക്‌സിന്‍: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്സിന്‍ വരുന്നു

ഹൈദരാബാദ്: കുത്തിവെപ്പില്ലാതെയും കോവിഡ് വാക്‌സിന്‍ വരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു.

ബുധനാഴ്ച പത്ത് വോളണ്ടിയര്‍മാര്‍ വാക്സിന്‍ സ്വീകരിച്ചു. ഈ വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഭാരത് ബയോടെക് ഡിജിസിഐ(ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടി.

ആദ്യഘട്ട വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. ഹൈദരാബാദിന് പുറമേ പട്ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്സിന്‍ പരീക്ഷിക്കുക.

ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ ഇന്നുമുതല്‍ കണ്ടെത്തും. അതേസമയം നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്സിന്റെ പ്രത്യേകത. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.

‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസല്‍ വാക്സിന്‍’ (മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്സിന്‍) കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമെല്ലാമാണ് വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത് എന്ന് നമുക്കറിയാം. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്‌പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.

Exit mobile version