തേയില തൊഴിലാളി വേതനം കൂട്ടുമെന്ന് രാഹുലിന്റെ പ്രഖ്യാപനം; പിന്നാലെ 50 രൂപ വര്‍ധിപ്പിച്ച് ആസാമിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍

Assam government | Bignewslive

ഗുവാഹത്തി: തേയില തൊഴിലാളികളുടെ വേതനം കൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തൊഴിലാളികളുടെ 50 രൂപ വര്‍ധിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള ആസാമിലെ സര്‍ക്കാര്‍. പ്രതിദിന വേതനം 167 രൂപയില്‍ നിന്നാണ് 50 രൂപ വര്‍ധിപ്പിച്ചത്.

റേഷന്‍ വാങ്ങാനായി പ്രതിദിനം ലഭിക്കുന്ന 101 രൂപ കൂടി ഉള്‍പ്പെടുത്തിയാല്‍ തൊഴിലാളികളുടെ വരുമാനം 318 രൂപയായി വര്‍ധിച്ചെന്നു പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറി അറിയിച്ചു. ആസാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തേയില തൊഴിലാളികളുടെ വരുമാനം 167 രൂപയില്‍ നിന്ന് 365 രൂപയാക്കി വര്‍ധിപ്പിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിലാണ് മന്ത്രിസഭാ തീരുമാനമുണ്ടായത്.

പ്രതിദിന വേതനം 351 രൂപയാക്കി നിജപ്പെടുത്തണമെന്നുള്ളത് തേയിലത്തോട്ട തൊഴിലാളി സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം കണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം എത്തിയത്. പിന്നാലെ സര്‍ക്കാരും നീക്കം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് നടത്തുന്ന രാഷ്ട്രീയനീക്കം മാത്രമാണിതെന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി രൂപേഷ് ഗോവാല പ്രതികരിച്ചു.

Exit mobile version