88 വയസ് ആയതല്ലേയുള്ളൂ, മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: മെട്രോമാനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സിദ്ധാര്‍ത്ഥ് മെട്രോമാനെതിരെ ആഞ്ഞടിച്ചത്.

‘ഇ ശ്രീധരന്‍ സാറിനോടും സാങ്കേതിക വിദഗ്ധന്‍ എന്ന നിലയ്ക്ക് അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങളോടും ഏറെ ആരാധനയാണുള്ളത്. ഏറെ ആവേശത്തോടെ അദ്ദേഹം ബിജെപിയില്‍ ചേരുകയും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ തീരുമാനം കുറച്ച് നേരത്തെ ആയിപ്പോയോ എന്നാണ് എന്റെ സംശയം. 88 വയസ് ആയതല്ലേയുള്ളൂ. ഒരു 10-15 വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ വിനീതമായ അഭിപ്രായം’ -സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ബിജെപി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ തികഞ്ഞ സസ്യാഹാരിയാണ് എന്നും മുട്ട പോലും കഴിക്കാറില്ല എന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയത് വിവാദമായിരുന്നു. ലവ് ജിഹാദ് ആരോപണത്തിലും ശ്രീധരന്‍ മറുപടി നല്‍കി. ലവ് ജിഹാദ് ഉണ്ട്, അത്തരം കാര്യങ്ങളെ എതിര്‍ക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി വര്‍ഗീയ കക്ഷിയല്ല. ദേശസ്നേഹികളുടെ പാര്‍ട്ടിയാണത്. എല്ലാ സമുദായങ്ങളും തുല്യമാണ് എന്നാണ് മോഡി സര്‍ക്കാറിന്റെ മനോഭാവം. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ താനതു കേട്ടിട്ടുണ്ട്. മോഡി ഏതെങ്കിലും മതത്തെ ആക്രമിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഇന്ന് ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version