‘ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിക്കൂ, എന്നിട്ട് എന്നോട് മത്സരിക്കാം’; അമിത്ഷായെ വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോര് മുറുകുന്നു. അമിത് ഷായെ മുന്നില്‍ നിര്‍ത്തി ബിജെപി പ്രചരണം നയിക്കുമ്പോള്‍ തൃണമൂലിനായി സംസ്ഥാനമൊട്ടാകെ മമതയും പ്രചരണം നടത്തുകയാണ്.

ബംഗാളില്‍ ധൈര്യമുണ്ടെങ്കില്‍ അമിത് ഷാ നേരിട്ട് മത്സരിക്കണമെന്ന് മമത വെല്ലുവിളിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അനന്തരവനോട് മത്സരിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് മമത.

‘രാവും പകലും ആളുകള്‍ ദീദി-ഭാട്ടിജ എന്നാണ് പറയുന്നത്. എന്നാല്‍ ഞാന്‍ അമിത് ഷായെ ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിച്ച് വരാനാണ് വെല്ലുവിളിക്കുന്നത്. എന്നിട്ട് എന്നോട് മത്സരിക്കാം’, മമത കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ‘അഭിഷേകിന് വേണമെങ്കില്‍ പാര്‍ലമെന്റിലെത്താന്‍ രാജ്യസഭാ സീറ്റ് വഴി കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം ജനവിധി തേടിയാണ് ലോക്സഭയിലെത്തിയത്’, മമത പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്. നേരത്തെ ഭാബനിപൂരിലും നന്ദിഗ്രാമിലും മമത മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭാബനിപൂരും നന്ദിഗ്രാമും തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് മമതയും പറഞ്ഞിരുന്നു. സാധിച്ചാല്‍ രണ്ടിടത്തും മത്സരിക്കുമെന്നും മമത പറഞ്ഞിരുന്നു.

എന്നാല്‍ ഭാബനിപൂരില്‍ മമതയുടെ വിശ്വസ്തരായ നേതാക്കളെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടുവെച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

നന്ദിഗ്രാമില്‍ തന്റെ വിശ്വസ്തനായ എംഎല്‍എ സുവേന്തു അധികാരിയെയായിരുന്നു മമത മുന്‍പ് മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ സുവേന്തു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ മണ്ഡലത്തില്‍ നേരിട്ടെത്തി മത്സരിക്കാനാണ് മമതയുടെ നീക്കം.

Exit mobile version