രാജ്യത്ത് അതിവേഗം പടരുന്ന കൊറോണ വൈറസ് വകഭേദവും: അഞ്ച് പേരില്‍ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ 2 വകഭേദങ്ങള്‍ കൂടി കണ്ടെത്തി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ കൂടിയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേര്‍ക്ക് സ്ഥിരീകരിച്ചു. ബ്രസീല്‍ വകഭേദം ഒരാളിലുമാണ് സ്ഥിരീകരിച്ചത്. അഞ്ച് പേരും ക്വാറന്റീനിലാണ്.

അമഗോള, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് വന്ന നാല് പേരിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം വന്ന എല്ലാവര്‍ക്കും പരിശോധന നടത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ വകഭേദമായ സാര്‍സ് കോവ് 2 നെ ഐസൊലേറ്റ് ചെയ്ത് കള്‍ച്ചര്‍ ചെയ്യാന്‍ ഐസിഎംആര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബ്രസീലിയന്‍ കൊറോണ വൈറസിനെ ഐസൊലേറ്റ് ചെയ്ത് എന്‍ഐവി പൂനെയില്‍ കള്‍ച്ചര്‍ ചെയ്തുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാണ് ഭാര്‍ഗവ അറിയിച്ചു. യുകെ വകഭേദത്തിന്റെ 187 കേസുകള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വകഭേദങ്ങള്‍ വൈറസ് പടര്‍ത്തുന്നത് വേഗത്തിലാക്കുന്നതും വാക്‌സീനുകള്‍ ഫലപ്രദമാകാനുള്ള സാധ്യത കുറവുള്ളതുമാണ്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

20ഐ/501വൈ.വി2 (ബി.1.351) എന്നറിയപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കന്‍ വേരിയന്റ്. 20ഐ/501വൈ.വി1 (ബി.1.17) എന്നറിയപ്പെടുന്നതാണ് യുകെയില്‍ കണ്ടെത്തിയ കെന്റ് വേരിയന്റ്. ബ്രസീലിയന്‍ വൈറസ് വേരിയന്റ് അറിയപ്പെടുന്നത് പി.1 എന്നാണ്. ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കൊറോണ വൈറസ് ലോകത്തിനു ഭീഷണിയാകാന്‍ ഏറെ സാധ്യതയെന്ന് അടുത്തിടെ യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീകോക്ക് വ്യക്തമാക്കിയിരുന്നു.

Exit mobile version