‘ഞാന്‍ ഹിന്ദുവാണ്! ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിര്‍ത്തൂ’: വിമര്‍ശനങ്ങളോട് പ്രതികരിച്ച് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്

ന്യൂഡല്‍ഹി: താന്‍ ഹിന്ദുത്വവിരോധിയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്.

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ ഹിന്ദുത്വവാദികള്‍ മീനക്കെതിരെ വ്യാപക സൈബര്‍ അക്രമം ആരംഭിച്ചിരുന്നു. മീന ഹാരിസിന് ‘ഹിന്ദു ഫോബിയ’ ആണെന്ന് വിമര്‍ശിച്ച് എഴുത്തുകാരന്‍ കൂടിയായ സംക്രാന്ത് സനു ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് മറുപടിയായി ‘ചങ്ങാതീ, ഞാന്‍ ഹിന്ദുവാണ്. ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിര്‍ത്തൂ’വെന്ന് മീന ട്വീറ്റ് ചെയ്തു. അക്രമോത്സുകമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായെന്ന് മീന ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം ആരംഭിച്ചത്.

മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കുന്നതിനെതിരെ പ്രഫ. ദിലീപ് മണ്ഡല്‍ ആക്ഷേപഹാസ്യപരമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മീന ഇന്ത്യക്കാര്‍ക്കിടയിലെ വര്‍ണവെറിയെ കുറിച്ച് പറയുന്നത്.

‘പ്രിയപ്പെട്ട മീന ഹാരിസ്, നിങ്ങള്‍ ഹിന്ദുവാണെന്ന് പറയുന്നത് തികച്ചും വസ്തുതാപരവും മതവിരുദ്ധവുമാണ്. കാരണം അഗാമയും സ്മൃതികളും ശാസ്ത്രങ്ങളും പ്രകാരം ഹിന്ദുവാകണമെങ്കില്‍ നിങ്ങള്‍ക്കൊരു ജാതി വേണം. നിങ്ങളുടെ മുത്തച്ഛനും അച്ഛനും ഭര്‍ത്താവും കറുത്ത വംശജരാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പോലെ നിങ്ങളും ‘തൊട്ടുകൂടാത്തവരാണ്.’ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്,’ ഇതായിരുന്നു ദിലീപ് മണ്ഡലിന്റെ ട്വീറ്റ്. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മീന ഹാരിസിന്റെ ട്വീറ്റ്.


‘ഇത് ആക്ഷേപഹാസ്യപരവും ഹിന്ദു തീവ്രവാദത്തിനെതിരെയുള്ള വിമര്‍ശനവുമാണെന്ന് ഞാന്‍ കരുതുന്നു. അതേസമയം, ഞാന്‍ ഏറെ നാളായി കാണുന്ന, കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വിവേചനകത്തെ കുറിച്ചുകൂടി ഈ കമന്റ് സംസാരിക്കുന്നുണ്ട്. അതേ കുറിച്ച് കൂടി നമുക്ക് സംസാരിക്കാം,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്നും മീന ഹാരിസ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട സംഭവത്തിലും മീന ഹാരിസ് പ്രതികരിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചുപോയെന്നാണ് മീന ഹാരിസ് പ്രതികരിച്ചത്.

Exit mobile version