ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം: മിന്നൽ പ്രളയത്തിൽ തകർന്നത് 3,000 കോടി ചെലവഴിച്ച് ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തപോവൻ ഡാം

tapovan vishnugad dam

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ഡാമിന്റെ ചിത്രങ്ങൾ പുറത്ത്. തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂർണമായും ഒലിച്ചുപോയതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. ധൗലിഗംഗ, റിഷിഗംഗ നദികളുടെ സംഗമസ്ഥാനത്തായിരുന്നു ഡാമുള്ളത്. ഇത് പൂർണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളിൽനിന്നുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു.
tapovan vishnugad dam2

എൻടിപിസി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. 2006ൽ നിർമാണം തുടങ്ങിയ ഡാം 2020 സെപ്റ്റംബറിലാണ് കമ്മീഷൻ ചെയ്തത്. ജലവൈദ്യുത പ്ലാന്റിന്റെ ഒരു ഭാഗം ഹിമപാതത്തിൽ കേടുപാടുകൾ സംഭവിച്ചതായി എൻടിപിസി പറഞ്ഞു.

മഞ്ഞിടിഞ്ഞുണ്ടായ അപകടത്തിൽ മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപവുമുള്ള രണ്ട് പാലങ്ങളും ഒഴുകിപ്പോയി. താഴ്‌വരയിലെ നിർമ്മാണ പ്രവർത്തനങ്ങളും തൊഴിലാളികളുടെ കുടിലുകളും തകർന്നിട്ടുണ്ട്. അതേസമയം, ജോഷിമഠിനും തപോവനും ഇടയിലെ പ്രധാന റോഡിന് കേടുപാട് ഒന്നും സംഭവിച്ചിട്ടില്ല. ഇന്നലെ തടസ്സപ്പെട്ട രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തനത്തിന് കരസേനയും നാവികസേനയും വ്യോമസേനയും രംഗത്തുണ്ട്.

നന്ദദേവി ഹിമാനിയുടെ പ്രവേശന കവാടം മുതൽ പിപാൽക്കോട്ടി, ചമോലി, ധൗലിഗംഗ, അളകനന്ദ എന്നിവിടങ്ങളിൽ ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. സ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യയെ കുറിച്ചും അപകടത്തിൽപ്പെട്ടവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version