ഹിന്ദുമതവികാരം വൃണപ്പെടുത്തി; കെഎസ് ഭഗവാനുനേരെ മഷി ആക്രമണം

ബംഗളൂരു: കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാനുനേരെ മഷി ആക്രമണം. കേസിന്റെ വാദം കേള്‍ക്കാനായി പ്രൊഫ. ഭഗവാന്‍ സിറ്റി സിവില്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ജയ് ശ്രീ റാം വിളിച്ച് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചത്. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേയെന്നും അഭിഭാഷക ചോദിച്ചു.

ഹിന്ദു ദൈവങ്ങളെ വിമര്‍ശിച്ചതിനാണ് മഷി ഒഴിച്ചതെന്ന് യുവതി പറഞ്ഞു. ഇങ്ങനെ ചെയ്തതിന് എന്ത് നടപടി ഉണ്ടായാലും നേരിടാന്‍ തയാറാണെന്നും മീര രാഘവേന്ദ്ര വ്യക്തമാക്കി.

ഹിന്ദു മതവിശ്വാസം വൃണപ്പെടുത്തുന്ന രീതിയിലുള്ള കെഎസ് ഭഗവാന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ‘ശിക്ഷിച്ച’തെന്നാണ് യുവതിയുടെ വാദം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

തീവ്ര ഹിന്ദു സംഘടനകളില്‍ നിന്നും ഭീഷണിയുള്ള ഭഗവാനെ സുരക്ഷാ ഉദ്യോസ്ഥരാണ് സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രൊഫ. ഭഗവാന്‍ യുവതിക്ക് എതിരെ ഹലസൂരു പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version