വയറ് നിറയ്ക്കാം ഒപ്പം ബുള്ളറ്റും സ്വന്തമാക്കാം: ‘ബുള്ളറ്റ് താലി കോണ്‍ടസ്റ്റു’മായി ഹോട്ടല്‍

പൂനെ: വയറു നിറയെ ഭക്ഷണവും കഴിയ്ക്കാം, കൂടെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സ്വന്തമാക്കാം. ഭക്ഷണപ്രിയരെയും ബുള്ളറ്റ് പ്രേമികളെയും ഒരേ പോലെ ആകര്‍ഷിക്കുന്ന ‘ബുള്ളറ്റ് താലി കോണ്‍ടസ്റ്റ്’എന്ന കിടിലന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവരാജ് ഹോട്ടലാണ്.

ശിവരാജ് ഹോട്ടലിലെ ഒരു വലിയ ‘നോണ്‍ വെജ് മീല്‍സ് താലി’കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 1.65 ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. മീല്‍സ് താലി എന്നു കേള്‍ക്കുമ്പോള്‍ നിസാരം എന്ന് തോന്നുമെങ്കിലും നാല് കിലോയോളം വരും ഇതിലെ ഭക്ഷണം. ഇത് ഒരു മണിക്കൂര്‍ കൊണ്ട് കഴിച്ചു തീര്‍ക്കുന്നവരാണ് വിജയികള്‍.

വിവിധ തരം പൊരിച്ച മീനുകള്‍, ചിക്കന്‍ തണ്ടൂരി, ഡ്രൈ മട്ടണ്‍, ഗ്രേ മട്ടണ്‍, ചിക്കന്‍ മസാല, കൊഞ്ച് ബിരിയാണി എന്നിവയാണ് താലിയിലെ ചില വിഭവങ്ങള്‍. ഏകദേശം 2500 രൂപയാണ് ഈ താലി മീല്‍സിന്റെ വില.

മട്ടന്‍, മീന്‍ തുടങ്ങി പന്ത്രണ്ടോളം നോണ്‍ വെജ് വിഭവങ്ങള്‍ അടങ്ങിയ നാല് കിലോ ഭാരം വരുന്ന താലിയാണ് മത്സരത്തിനായി പ്രത്യേകം തയ്യാറാക്കിയത്. അന്‍പത്തിയഞ്ച് ആളുകള്‍ ചേര്‍ന്നാണ് ഈ പ്രത്യേക താലി തയ്യാറാക്കുന്നതെന്നും ഉടമ പറയുന്നു.

തന്റെ ഹോട്ടലിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനാണ് ഇത്തരമൊരു മത്സരം എന്നാണ് ഉടമ അതുല്‍ വൈകര്‍ പറയുന്നത്. റെസ്റ്റോറന്റിന്റെ വരാന്തയിലായി അഞ്ച് ബുള്ളറ്റുകളാണ് അതുല്‍ നിരത്തി വച്ചിരിക്കുന്നത്. ഇതിന് പുറമെ ബാനറുകളിലും മെനു കാര്‍ഡിലും ഒക്കെ ഇല്ല്യൂസ്‌ട്രേറ്റഡ് നിര്‍ദേശങ്ങളുമായി മത്സരത്തിന് നല്ല രീതിയില്‍ പ്രൊമോഷനും നല്‍കി.

ബുള്ളറ്റ് താലി മീല്‍സിന് നല്ല പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ധാരാളം ആളുകള്‍ മത്സരത്തില്‍ ഒരു കൈ നോക്കാനായി എത്തുന്നുണ്ട്. തിരക്ക് കൂടുന്നെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് റസ്റ്റോറന്റ് പ്രവര്‍ത്തകര്‍ ഉറപ്പാക്കുന്നുണ്ട്. ദിവസേന 65 താലി വരെ വിറ്റു പോകുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

നാല് കിലോ ഭക്ഷണം ബാലികേറാമലയെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അങ്ങനെയല്ലെന്ന് തെളിയിച്ചവരുമുണ്ട്. സോലാപുര്‍ സ്വദേശിയായ സോമന്ത് പവര്‍ എന്ന യുവാവ് ബുള്ളറ്റ് താലി മത്സരം ജയിച്ച് ബുള്ളറ്റും കൊണ്ട് പോയി എന്നാണ് ഉടമ പറയുന്നത്. ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ അയാള്‍ പാത്രം കാലിയാക്കിയിരുന്നു.

Exit mobile version