‘ജനങ്ങളെ എക്കാലത്തേക്കും വിഡ്ഡികളാക്കാമെന്ന് കരുതിയവര്‍ക്ക് കിട്ടിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം’; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഢികളാക്കാമെന്ന് വിചാരിച്ച ബിജെപിക്ക് കിട്ടിയ മറുപടിയാണ്
ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത് വന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായെയും അരികത്തേക്ക് മാറ്റിനിര്‍ത്തിയ ജനങ്ങള്‍, കോണ്‍ഗ്രസിന് അധികാരം തിരികെ നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ രാഹുല്‍ ഗാന്ധിയാണ് തിളങ്ങുന്ന താരമെന്നും ശിവസേന അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബിജെപി കോട്ടകള്‍ തകര്‍ന്നു. തെലങ്കാനയില്‍ വിജയിച്ച ബിജെപിക്കാരുടെ സംഖ്യ കോണ്‍ഗ്രസിനേക്കാളും പരിമിതമാണ്. മിസോറാമിലും ബിജെപിക്ക് ശക്തി തെളിയിക്കാനായില്ല. ഇത് സൂചിപ്പിക്കുന്നത് ബിജെപി മുക്ത ഭാരതം എന്ന സന്ദേശത്തിലേക്കാണ്.

മറ്റാരും അതിജീവിക്കില്ലെന്നും, എല്ലായിപ്പോഴും തങ്ങള്‍ക്ക് തന്നെയാകും വിജയം എന്നുമായിരുന്നു ബിജെപി നേതാക്കള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഊതിവീര്‍പ്പിച്ച ആ കുമിള പൊട്ടിയിരിക്കുന്നു. ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഡികളാക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എഡിറ്റോറിയല്‍ പറയുന്നു.

രാജ്യത്തെ സാമ്പത്തികരംഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ ദുരിതത്തിലാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, നാണയപ്പെരുപ്പം റോക്കറ്റിന്റെ വേഗത്തില്‍ കുതിക്കുന്നു. എന്നാല്‍ ഈ സമയത്തും പ്രധാനമന്ത്രി ആഗോളകാര്യം അന്വേഷിച്ച് വിദേശസന്ദര്‍ശനം നടത്തുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയ ബാലിശമായ ആരോപണങ്ങളും തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായി എന്ന് ശിവസേന ആരോപിക്കുന്നു. ഭാരത് മാത കീ ജയ് വിളിക്കുന്നത് രാഹുല്‍ തടഞ്ഞു, രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നു എന്നിങ്ങനെയായിരുന്നു മോഡിയുടെ ആരോപണം. നോട്ടുനിരോധനവും, മിന്നലാക്രമണവും നടത്തിയത് ഗാന്ധി കുടുംബവുമായിട്ട് ആലോചിച്ചിട്ട് ആയിരുന്നോ എന്നും, ഇന്ത്യയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഏതാനും വ്യവസായികളാണ് എന്നും ശിവസേന ആരോപിച്ചു.

Exit mobile version