‘ഹലാല്‍ മാംസം ലഭിക്കും’: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ശ്രീകൃഷ്ണ ബീഫ് സ്റ്റാള്‍

ചെന്നൈ: ഹലാല്‍ മാംസവും ബീഫും ഉപയോഗിച്ച് നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ശ്രീകൃഷ്ണ ബീഫ് സ്റ്റാള്‍. തമിഴ്നാട്ടില്‍ കെ. കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിനാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരം ലഭിച്ചിരിക്കുന്നത്.

‘ഹലാല്‍ രീതിയില്‍ അറുക്കപ്പെട്ട മാംസം ലഭിക്കും’ എന്ന പരസ്യവാചകം സഹിതമുള്ള കടയുടെ ബോര്‍ഡാണ് പ്രചരിക്കുന്നത്. ‘ഹലാല്‍’ വിഭവങ്ങള്‍ക്കെതിരായ പ്രചാരണം കേരളത്തിലും ശക്തമാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണേന്ത്യയുടെ ഭക്ഷ്യവൈവിധ്യവും സൗഹാര്‍ദവും സാക്ഷ്യപ്പെടുത്തുന്ന കടയുടെ ചിത്രം പ്രചരിച്ചത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് കടയുടെ ബോര്‍ഡ് എടുത്തുമാറ്റിയതായി ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞു.


ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മതങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിമാരായ എംജിആര്‍, ജയലളിത എന്നിവരുടെ ഫോട്ടോകളും അടങ്ങുന്നതാണ് ബീഫ് സ്റ്റാളിന്റെ ഡിസ്പ്ലേ ബോര്‍ഡ്. ഇതിനൊപ്പം കടയുടമ കെ കണ്ണന്റെ മാതാപിതാക്കളുടേതെന്നു കരുതപ്പെടുന്ന ഫോട്ടോകളുമുണ്ട്. തമിഴിലും ഇംഗ്ലീഷിലും ‘ശ്രീകൃഷ്ണ ബീഫ് സ്റ്റാള്‍’ എന്നെഴുതിയതിനു താഴെയാണ് ‘ഞങ്ങളുടെ അടുക്കല്‍ ഹലാല്‍ രീതിയില്‍ അറുക്കപ്പെട്ട മാട്ടിറച്ചി ഓര്‍ഡര്‍ പ്രകാരം ലഭിക്കും’ എന്ന് തമിഴില്‍ എഴുതിയിരിക്കുന്നത്. ബോര്‍ഡില്‍ രണ്ട് കാളകളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ഉയര്‍ന്നതിനെ ചൊല്ലി കടയുടെ ബോര്‍ഡ് എടുത്തു കളഞ്ഞതായി ഹിന്ദു മക്കള്‍ കക്ഷി ട്വിറ്ററിലൂടെ അറിയിച്ചു. ബോര്‍ഡില്ലാത്ത കടയുടെ ചിത്രത്തോടൊപ്പമാണ് ഹിന്ദുമക്കള്‍ കക്ഷി (ഹിന്ദു മക്കള്‍ കച്ചി) നേതാവ് തിരു അര്‍ജുന്‍ സമ്പത്തിന്റെ ട്വീറ്റ്.

Exit mobile version