രാജ്യത്ത് 82 പേര്‍ക്ക് അതിതീവ്ര വൈറസ്; കനത്ത ജാഗ്രത

COVID, varient | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് 82 പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.രോഗം സ്ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായും സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ആരോഗ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ കൂടെ യാത്ര ചെയ്തവരെയും അവരുടെ ബന്ധുക്കളെയും കണ്ടെത്തുന്നതിന് വ്യാപക പരിശോധന ആരംഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി ആറുവരെ യു.കെയില്‍ നിന്നും വന്ന 73 പേര്‍ക്ക് അതിവ്യാപന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി

ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയെ കൂടാതെ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ആസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version