22കാരനെ ബന്ധുക്കൾ വിളിച്ചുവരുത്തി കാമുകിയുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി; ദുരഭിമാന കൊലയെന്ന് ഹരിഹരന്റെ കുടുംബം

ചെന്നൈ: വീണ്ടും രാജ്യത്തിന് അപമാനമായി ദുരഭിമാനക്കൊല. തമിഴ്‌നാട്ടിലെ കരൂരിൽ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. കേസിൽ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കരൂർ കല്ല്യാണ പശുപതീശ്വരർ ക്ഷേത്രത്തിന് മുന്നിൽവെച്ചായിരുന്നു സംഭവം.

കാമരാജപുരം സ്വദേശി ജയറാമിന്റെ മകൻ ഹരിഹരനെന്ന 22കാരനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചുവരുത്തി യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്നാണ് ആരോപണം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും കോളേജ് പഠനകാലത്താണ് അടുപ്പത്തിലായത്.

ബാർബറായ ഹരിഹരനും കരൂർ സ്വദേശിയായ യുവതിയും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് പെൺകുട്ടി ഹരിഹരനുമായി സംസാരിക്കുന്നത് നിർത്തി. നിരവധി തവണ ഹരിഹരൻ കാമുകിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് യുവതിയും ബന്ധുക്കളും ബുധനാഴ്ച നേരിൽക്കണ്ട് സംസാരിക്കാമെന്ന് ഹരിഹരനെ അറിയിച്ചു.

അവർ ക്ഷേത്രത്തിലേക്ക് വരാൻ നിർദേശിച്ചതിനെ തുടർന്ന് ബുധനാഴ്ച ഹരിഹരൻ ക്ഷേത്രത്തിന് മുന്നിലെത്തി. ഇവിടെവെച്ച് കാമുകിയും ഹരിഹരനും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നം വഷളാക്കുകയും അവർ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു.

കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രതികൾ ഒളിവിലാണ്. ശങ്കർ, കാർത്തികേയൻ, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ സമുദായത്തേക്കാൾ താഴ്ന്ന ജാതിക്കാരനായതിനാലാണ് ഹരിഹരനെ കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണമുണ്ട്.

Exit mobile version