ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന ഭിന്നശേഷിക്കാര്‍ അല്ലാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹികമായ ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തില്‍ 50,000 രൂപ നേരത്തെ തന്നെ സര്‍ക്കാര്‍ നല്കി വരുന്നുണ്ട്. ഇതാണ് രണ്ടര ലക്ഷമായി ഉയര്‍ത്തിയത്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version