ഇ-കൊമേഴ്സ് തൊഴില്‍മേഖലയില്‍ 22 ശതമാനം വര്‍ധനവ്; കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാരമേഖലയ്ക്ക് മുന്‍തൂക്കം

employment | Bignewslive

ഇന്ത്യന്‍ ഇ-കൊമേഴ്സ് തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാര രംഗം സജീവമായിരുന്നു. വ്യാപാരമേഖലയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനി (നാസ്സ്‌കോം) നടത്തിയ പഠനം അനുസരിച്ച് 22 ശതമാനത്തോളം ജോലി ഈ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാരമേഖലയിലെ ഭീമന്‍മാരായ അമസോണും, ഫ്‌ളിപ്പ്ക്കാര്‍ട്ടും ഏകദേശം 1.4 ലക്ഷം ജീവനക്കാരെ ഈ വര്‍ഷം താല്‍ക്കാലികമായും കരാര്‍ അടിസ്ഥാനത്തിലും നിയമിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന ഉത്സവകാലത്ത് മാത്രം ഉണ്ടാക്കിയിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം കൂടുതലാണ്. പെട്ടന്ന് ഉണ്ടായ ഈ മികച്ച മുന്നേറ്റമാണ് വിവിധ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കാരണമായത്.

നാസ്സ്‌കോം റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് വിവരസാങ്കേതിക വിദ്യയിലുള്ള അറിവും, നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവുമാണ് ഇ-കൊമേഴ്സ് രംഗത്ത് വിപണന സാധ്യത വര്‍ധിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കട്ട തുടങ്ങിയ നഗരങ്ങളില്‍ കൃത്യമായി ഒരു വിഭാഗം ജനങ്ങള്‍ ഓണ്‍ലൈന്‍ മേഖലയെ ആശ്രയിക്കുന്നു.

2020ല്‍ മാത്രമായി ആമസോണും, ഫ്‌ളിപ്പ്ക്കാര്‍ട്ടും ഏകദേശം മൂന്ന് ദശലക്ഷം ചതുരശ്ര അടി സ്ഥലം പാട്ടത്തിന് എടുത്തിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം അധികം സംഭരണ ശേഷിയാണ് ഇരു കമ്പനികള്‍ക്കും ഇപ്പോള്‍ ഉള്ളത്. പത്തോളം പുതിയ സംഭരണ കേന്ദ്രങ്ങളാണ് ഇരു കമ്പനികളും ഈ വര്‍ഷം ആരംഭിച്ചത്.

”ശൃഖലകള്‍ വര്‍ധിപ്പിക്കുന്നതോടെ പതിനായിരക്കണക്കിന് ജോലി സാധ്യതകള്‍ നിര്‍മ്മിക്കാന്‍ കഴിയും. അതുപോലെ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സേവനങ്ങളും വര്‍ധിപ്പിക്കുന്നതോടുകൂടി ഉപഭോക്താക്കളുമായുള്ള കൂടുതല്‍ ദൃഢമാക്കുവാന്‍ സാധിക്കും.”സോണ്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും, ഉപഭോക്തൃ പ്രവര്‍ത്തകനുമായ അഖില്‍ സക്സേന പറഞ്ഞു.

Exit mobile version