ലൗജിഹാദ് ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്; ഉടന്‍ പിന്‍വലിക്കണം; യുപി മുഖ്യമന്ത്രിക്ക് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാരുടെ കത്ത്, എഴുതിയവരില്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും

yogi adithyanath, up, love jihad, | bignewslive

ന്യൂഡല്‍ഹി: ലൗജിഹാദിനെതിരേ എന്ന പേരില്‍ യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഒരുകൂട്ടം മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍. ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും നിയമവിരുദ്ധമായ ഓര്‍ഡിന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചു.

മുസ്ലിം യുവാക്കള്‍ക്കെതിരെയും സ്വന്തം തിരഞ്ഞെടുപ്പുകള്‍ക്ക് ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെയും പ്രയോഗിക്കുന്നതിനുള്ള ഒരു വടിയായാണ് പുതിയ ഓര്‍ഡിനന്‍സ് ഉപയോഗിക്കപ്പെടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലൗ ജിഹാദിന്റെ പേരില്‍ യുവാക്കള്‍ കടുത്ത അതിക്രമങ്ങള്‍ നേരിടുകയാണ്. വിവാഹം പോലുള്ള വ്യക്തിയുടെ സ്വകാര്യ വിഷയങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ കടന്നുകയറ്റമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൂടാതെ, മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം എല്ലാ രാഷ്ട്രീയക്കാരും ഇന്ത്യയുടെ ഭരണഘടന വീണ്ടും വായിച്ചുപഠിക്കണമെന്നും കത്തില്‍ പറയുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

ഒരു കാലത്ത് ഗംഗ-യമുന സംസ്‌കാരങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും കേന്ദ്രമായിരിക്കുന്നു. ഭരണസംവിധാനങ്ങള്‍ വര്‍ഗീയവിഷത്തില്‍ ആണ്ടുപോയിരിക്കുന്നു. സ്വതന്ത്ര രാജ്യത്തെ സ്വാതന്ത്ര്യമുള്ള പൗരന്‍മാരായി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാന്‍ അവസരമുണ്ടാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.

Exit mobile version