ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടണില്‍ നിന്നെത്തിയ ആറ് പേര്‍ക്ക്

new corona virus | big news live

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.

ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബ്രിട്ടണില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ച ആറ് പേരെയും നിരീക്ഷണത്തിലാക്കിയെന്നും ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ക്വാറന്റൈനിലേക്ക് മാറ്റിയെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതത് സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.


ഡിസംബര്‍ 23നും 25നും ഇടയില്‍ ഏതാണ്ട് 33,000 പേരാണ് ബ്രിട്ടണില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ച് എത്തിയത്. ഇവരില്‍ 114 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ശ്രവസാമ്പിളുകള്‍ രാജ്യത്തെ 10 പ്രധാന ലാബുകലിലേക്ക് അയച്ചിരുന്നു. ഇതിലെ ആറ് പേര്‍ക്കാണ് ഇപ്പോള്‍ ജനിതകമാറ്റം വന്ന കോറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version