ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാര്‍; സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്

yogi adityanath | big news live

ലക്‌നൗ: ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാരെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അതുകൊണ്ട് തന്നെ സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം യോഗി തന്റെ ഔദ്യോഗിക വസതിയില്‍ സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.


കാശ്മീരിലെ ഹിന്ദുക്കളെ അക്കാലത്ത് സംരക്ഷിച്ചത് ഗുരു തേജ് ബഹദൂറിന്റെ ത്യാഗമാണ്. ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാര്‍. മുഗള്‍ രാജാവ് ഔറംഗസീബിന്റെ മതംമാറ്റ നടപടിക്കെതിരെ പോരാടിയതും സിഖ് യോദ്ധാക്കളാണെന്നാണ് യോഗി പറഞ്ഞത്.


അതേസമയം പുതിയ കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ഷക പ്രക്ഷോഭം മുന്നേറുന്ന സാഹചര്യത്തില്‍ കൂടിയാണ് സിഖ് ഗുരുക്കന്മാരെ പ്രകീര്‍ത്തിച്ച് യോഗി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രിയും സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ചിരുന്നു.

Exit mobile version