മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് കുരുക്കായ ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയെയാണ് കേസിൽ പുതുതായി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുപ്തയെ മുംബൈ പോലീസാണ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15ാമത്തെ വ്യക്തിയാണ് ഗുപ്ത. പൂണെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗുപ്തയെ വെള്ളിയാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ബാർക് മുൻ സിഒഒ റാമിൽ രാംഗരിയ അടക്കമുള്ളവരെ കേസിൽ സിഐയു അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, മറാത്തി ചാനലായ ഫക്ത് മറാത്തി എന്നിവയ്‌ക്കെതിരെയാണ് പ്രാഥമിക അന്വേഷണം.
റിപ്പബ്ലിക് ടിവി റേറ്റിങിൽ തട്ടിപ്പ് കാണിച്ച് പരസ്യവരുമാനം ഉണ്ടാക്കിയ കേസിലും മുംബൈ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. എന്നാൽ മുംബൈ പോലീസിന്റേത് പ്രതികാര നടപടിയാണെന്നാണ് അർണബ് ഉൾപ്പടെയുള്ള ചാനൽ മേധാവികൾ നിരന്തരം ആരോപിക്കുന്നത്. ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അർണബിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി അടിയന്തരമായി ഇടപെട്ട് ജാമ്യം അനുവദിക്കുകയായിരുന്നു.
