തൃണമൂലിൽ ചേർന്നതിന് ഭാര്യ സുജാതയ്ക്ക് വിവാഹമോചന നോട്ടീസ് അയച്ച് ബിജെപി എംപി സൗമിത്ര ഖാൻ; ഭർത്താവ് എന്നെങ്കിലും കാര്യങ്ങൾ മനസിലാക്കുമെന്ന് സുജാത

കൊൽക്കത്ത: ബിജെപിയിൽ ചേർന്നതിന് ബംഗാളിലെ ബിജെപി എംപിയും ബംഗാൾ യുവമോർച്ച പ്രസിഡന്റുമായ സൗമിത്ര ഖാൻ ഭാര്യ സുജാത മൊണ്ഡൽ ഖാന് വിവാഹമോചന നോട്ടീസ് അയച്ചു. സുജാത മൊണ്ഡൽ കഴിഞ്ഞദിവസമാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതിന് പിന്നാലെ തന്നെ സൗമിത്രഖാൻ ഭാര്യ സുജാതയ്ക്ക് വിവാഹമോചന നോട്ടീസ് അയയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം,തന്റെ കുടുംബനാമം ഉപയോഗിക്കരുതെന്ന് സുജാതയോട് സൗമിത്ര വിവാഹമോചന നോട്ടീസിൽ ആവശ്യപ്പെട്ടു. സൗമിത്ര ഖാന്റെ ഭാര്യയെന്ന പരാമർശവും നടത്തരുതെന്നും സുജാതയോട് നിർദേശിക്കുന്നു.

സൗമിത്ര ഖാൻ നേരത്തേ തൃണമൂൽ നേതാവായിരുന്നു. 2014ൽ ബിഷ്്ണുപുർ മണ്ഡലത്തിൽ നിന്ന് ജയിച്ച സൗമിത്ര, കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേരുന്നത്. 2019 ബിഷ്ണുപുർ മണ്ഡലത്തിൽ നിന്ന് സൗമിത്ര ഖാൻ വിജയിച്ചത് സുജാതയുടെ പിന്തുണ കൊണ്ടാണ്. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. അദ്ദേഹത്തിൻറെ അഭാവത്തിൽ സുജാതയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ‘പത്ത് വർഷത്തെ ബന്ധമാണ് രാഷ്ട്രീയം മൂലം അവസാനിക്കുന്നത്. ഞാൻ ബിജെപിക്കുവേണ്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കും’ സൗമിത്ര ഖാൻ പറഞ്ഞു.

രാഷ്ട്രീയം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശം സുജാതയ്ക്കുണ്ട്. എന്നാൽ 2019ൽ താൻ ബിജെപിയിൽ ചേർന്നതിന് ശേഷം മാതാപിതാക്കളെ ആക്രമിച്ച പാർട്ടിയോടൊപ്പമാണ് സുജാത ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മറക്കരുതെന്നും സൗമിത്ര ഖാൻ പറഞ്ഞു.

ബിജെപിയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന ആരോപണം ഉയർത്തിയാണ് സുജാത പാർട്ടിവിട്ടത്. ‘എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാർട്ടിയുടെ കഴിവുറ്റ നേതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ പ്രിയങ്കരിയായ ദീദിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ സുജാത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എന്റെ ഭർത്താവ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഞാൻ ഒരുപാട് ത്യാഗം സഹിച്ചു. ശാരീരിക അക്രമണങ്ങൾ വരെ നേരിട്ടു. പക്ഷേ, തിരിച്ച് പാർട്ടിയിൽനിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. എൻറെ ഭർത്താവ് ഒരിക്കൽ കാര്യങ്ങൾ തിരിച്ചറിയുമെന്നും തൃണമൂലിലേക്ക് തിരികെ വരുമെന്നുമാണ് എന്റെ വിശ്വാസം’ സുജാത കൂട്ടിച്ചേർത്തു.

Exit mobile version