സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് അഞ്ച് ദിവസത്തിനിടെ രണ്ട് വിവാഹം; വിവാഹതട്ടിപ്പ് വീരനെ തേടി പോലീസും, സംഭവം ഇങ്ങനെ

ഭോപ്പാല്‍: കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്കിടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ വിവാഹം കഴിച്ചത് രണ്ട് യുവതികളെയാണ്. ഇപ്പോള്‍ വിവാഹ തട്ടിപ്പ് വീരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് എഞ്ചിനീയര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. മധ്യപ്രദേശിലാണ് സംഭവം. ഇരുപത്താറുകാരനായ എന്‍ജിനീയറുടെ വിവാഹക്കെണിയില്‍ കുടുങ്ങിയ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇന്‍ഡോര്‍ സ്വദേശിയായ പ്രതി ഡിസംബര്‍ രണ്ടിനാണ് ഖാണ്ഡ് വയില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം ഒഴിവാക്കാനാവാത്ത ജോലിത്തിരക്കെന്ന കാരണം പറഞ്ഞ് പ്രതി ഭോപ്പാലിലേക്ക് പോയി. ഡിസംബര്‍ ഏഴിന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധു വരന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ എഞ്ചിനീയറുടെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹത്തോടനുബന്ധിച്ച് നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു. വിവാഹശേഷം യുവതിയെ പ്രതി ഇന്‍ഡോറിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. പിന്നീടാണ് ഭോപ്പാലിലേക്കെന്ന് പറഞ്ഞ് യുവാവ് മുങ്ങിയത്.

മാതാപിതാക്കള്‍, സഹോദരി, ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് യുവാവ് വിവാഹത്തിനെത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് രണ്ടാമത് വിവാഹം കഴിച്ച യുവതി പറഞ്ഞതായി ആദ്യയുവതിയുടെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഡിസംബര്‍ ഏഴിന് ശേഷം പ്രതി വീട്ടിലേക്ക് മടങ്ങിയില്ലെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.

Exit mobile version