ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിരാഹാര സമരം; പിന്തുണ പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാള്‍

arvind kejriwal | big news live

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകകര്‍ നിരാഹാരം ഇരിക്കും. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ ആണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്ത് എത്തി.


അദ്ദേഹം ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരമിരിക്കുക. നിരാഹാര സമരത്തില്‍ അണിചേരാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും കെജരിവാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.


കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതോടെയാണ് കര്‍ഷകര്‍ ഇന്നുമുതല്‍ സമരം കൂടുതല്‍ ശക്തമാക്കുന്നത്. രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലും കര്‍ഷകരുടെ ഉപവാസ സമരം അരങ്ങേറും.

അതേസമയം, ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്നാണ് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version