കര്‍ഷക സമരം ശക്തമാകുന്നു; കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും

farmers protest | big news live

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കുകയും ടോള്‍ പിരിക്കുന്നത് തടയുകയും ചെയ്യുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയത്. ഇതിനു പുറമെ ആഗ്ര- ഡല്‍ഹി, ജയ്പൂര്‍ -ഡല്‍ഹി ദേശീയ പാതകള്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്. ടോള്‍ പിരിവ് തടയുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് പോലീസ്.

അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. പഞ്ചാബില്‍ നിന്ന് മാത്രം 700 ട്രാക്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുളള ദേശീയ പാതകള്‍ കൂടി നാളെ കര്‍ഷകര്‍ തടയും.


കേന്ദ്രം നിയമങ്ങള്‍ റദ്ദ് ചെയ്യാതെ ഇനി ചര്‍ച്ചക്കില്ലെന്നാണ് കര്‍ഷകസംഘടന നേതാക്കള്‍ വ്യക്തമാക്കിയത്. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും അല്ലാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ സമവായ സാധ്യത ഇല്ലാതെ സമരം മുന്നോട്ട് പോകുകയാണ്. എന്നാല്‍ താങ്ങുവില ഉറപ്പാക്കുമെന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


അതേസമയം കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ കര്‍ഷക സംഘടനകള്‍ അനിശ്ചിതകാല സമരം തുടങ്ങുന്നു. സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹസമരം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സമരം കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും.

Exit mobile version