ഒരുപടി താഴ്ന്ന് കൊവിഡ്; മഞ്ഞ് മൂടി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഈ 10 സ്ഥലങ്ങള്‍, ചിത്രങ്ങള്‍

Manali | bignewslive

തണുപ്പുകാലമെത്തി.. കൊറോണയും ഏകദേശം നിലംപറ്റാറായി..ഇനിയിപ്പൊ പതുക്കെ പുറത്തൊക്കെ ഒന്നു കറങ്ങാനിറങ്ങാമെന്നായി. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നല്ല മഞ്ഞ് വീഴ്ച കാണാന്‍ ഇന്ത്യയില്‍ തന്നെ ചെറുതും വലുതുമായി ഒട്ടേറെ സ്ഥലങ്ങളുണ്ട്.അവയില്‍ ചിലത് പരിചയപ്പെടാം. (ഓര്‍ക്കുക
കൊറോണ മുഴുവനായി ഇനിയും പോയിട്ടില്ല. എവിടെപ്പോയാലും മാസ്‌ക് ധരിക്കുക. അകലം പാലിക്കുക. കോവിഡ് പ്രോട്ടോക്കള്‍ കൃത്യമായി പാലിക്കുക.)

1. മണാലി, ഹിമാചല്‍ പ്രദേശ്

മഞ്ഞെന്നാല്‍ മണാലിയാണ് ഇന്ത്യക്കാര്‍ക്ക്. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായ മണാലി ഡല്‍ഹിക്കാരുടെ സ്ഥിരം ഡെസ്റ്റിനേഷന്‍ കൂടി ആണ്. ഈ വര്‍ഷം നവംബറില്‍ തന്നെ ഇവിടെ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. മഞ്ഞ് കാറ്റും ചെറിയ ചാറ്റല്‍ മഴയുമൊക്കെ മണാലിയിലെ മഞ്ഞ് കാലത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ചാറ്റലേറ്റ് ചൂടുകാപ്പിയുമായി ഈര്‍പ്പം തട്ടിയ ബാല്‍ക്കെണിയിലിരിക്കുമ്പോള്‍ ദൂരെ മഞ്ഞ്മലകള്‍ക്കപ്പുറത്ത് വെളിച്ചം മുഴുവന്‍ തരാതെ മേഘങ്ങളിലൊളിച്ച സൂര്യോദയം കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക..

2. ധനോല്‍ടി, ഉത്തരാഘണ്ഡ്

ഹിമാലയന്‍ മലനിരകളിലെ ടെഹ്റി ജില്ലയിലുള്ള ധനോല്‍ടി മഞ്ഞ് മൂടിയ താഴ്വരകള്‍ കൊണ്ട് സമ്പന്നമാണ്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്പോട്ടാണ് ധനോല്‍ട്ടി.ഓക്ക് മരങ്ങളും ദേവതാരുവുമൊക്കെ ഇടകലര്‍ന്ന് നില്‍ക്കുന്ന ഈ കുന്നിന്‍പ്രദേശം ഡിസംബര്‍ തൊട്ട് ഫെബ്രുവരി വരെ സഞ്ചാരികകളെ കാത്തിരിക്കാറുണ്ട്.

3.അല്‍മോറ , ഉത്തരാഘണ്ഡ്

ഉത്തരാഘണ്ഡിലെ ഈ ചെറിയ പട്ടണത്തില്‍ നിന്നുള്ള ഹിമാലയക്കാഴ്ച അതിസുന്ദരമാണ്. പൈന്‍മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ മേഖല വിവിധ സംസ്‌കാരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ചിറ്റായ് , നന്ദ ദേവി എന്നീ ക്ഷേ്ത്രങ്ങളും 200 വര്‍ഷം പഴക്കമുള്ള ലാല ബസാറും അല്‍മോറയുടെ മാത്രം പ്രത്യേകതകളാണ.്ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തും അല്‍മോറയുടെ തെരുവുകളില്‍ സജീവമാണ്. അല്‍മോറയിലെ സൂര്യാസ്തമയം പ്രസിദ്ധമാണ്.

4. ഗുല്‍മാര്‍ഗ് , ജമ്മു&കശ്മീര്‍

ഡിസംബറില്‍ ഇന്ത്യയില്‍ കാണാന്‍ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ്. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പിര്‍ പഞ്ചാല്‍ റേഞ്ചിലുള്ള ഈ സ്ഥലത്ത് താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. സ്‌കീയിങ് , കേബിള്‍ – കാര്‍ റൈഡിങ് എന്നിവയ്ക്കൊക്കെ പറ്റിയ സ്പോട്ടാണിത്.

5.ലംബാസിംഗി , ആന്ധ്ര പ്രദേശ്

വിശാഖപട്ടണത്ത് ആന്ധ്രപ്രദേശിലെ തന്നെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നായ ലംബാസിംഗിയില്‍ നവംബര്‍ മുതല്‍ ജനുവരി വരെ സന്ദര്‍ശകര്‍ എത്താറുണ്ട്. പ്രദേശത്തെ മഞ്ഞ് വീഴ്ച കാണേണ്ട ഒരു കാഴ്ചയാണ്. എല്ലാ വര്‍ഷവും സംഭവിക്കാറില്ലെങ്കിലും മഞ്ഞ് വീണാല്‍ ലംബാസിംഗി സുന്ദരിയാണ്. ഹാരിപ്പോട്ടര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന, നീളന്‍ മരങ്ങളോട് കൂടിയ താഴ്വരകള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി ആണ് നല്‍കുക. ഓര്‍ഗാനിക് കോഫിക്ക് പേരുകേട്ട ഒരു സ്ഥലം കൂടിയാണ് ലംബാസിംഗി. വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച താഴ്‌വരകളും ഈറന്‍ പ്രഭാതങ്ങളുമെല്ലാം സന്ദര്‍ശകരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

6. ഡാര്‍ജിലിങ് , വെസ്റ്റ് ബെംഗാള്‍

ബെംഗാളിന്റെ മണാലിയാണ് ഡാര്‍ജിലിങ്. ബെംഗാളിലൊരാളും തന്നെ ഒരു തവണയെങ്കിലും ഡാര്‍ജിലിങ്ങില്‍ പോവാതിരിക്കാന്‍ സാധ്യതയില്ല. ഹിമാലയന്‍ താഴ്വരയിലെ ഈ പട്ടണത്തില്‍ നിന്നുള്ള കാഞ്ചന്‍ജംഗ വ്യൂ ഏറെ പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചന്‍ജംഗ. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല ഉല്ലാസകേന്ദ്രമായിരുന്ന ഡാര്‍ജിലിംഗിലെ ടോയ്- ട്രെയിന്‍ സവാരി മിക്ക ഹിന്ദി സിനിമകളിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേത്പോലെ ഇവിടെ അധികം മഞ്ഞ് വീഴ്ച ഇല്ലെങ്കിലും എല്ലാ സീസണിലും ഭംഗിയായി പൂത്തുലഞ്ഞ് നില്‍ക്കാറുണ്ട് ഡാര്‍ജിലിംഗ്. പത്ത് വര്‍ഷം കൂടി 2018ലാണ് ഇവിടെ അവസാനമായി മഞ്ഞ് വീണത്. കാര്യമായ തണുപ്പോ മഞ്ഞ് മൂടിയ മലകളോ ഒന്നുമില്ലെങ്കിലും ഡാര്‍ജിലിംഗ് ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്താറില്ല. ഗ്ളീനറീസ് കഫേയിലെ രുചിയുള്ള കേക്കും ഗ്രീന്‍ ടീയും ഡാര്‍ജിലിംഗിന്റെ മാത്രം രുചികളാണ്.

7. ഔലി , ഉത്തരാഘണ്ഡ്.

സ്‌കീയിംഗ് ആണ് നിങ്ങളുടെ യാത്രയുടെ പ്രധാന ഉദ്ദേശം എങ്കില്‍ വണ്ടി നേരെ വിട്ടോളു ഉത്തരാഘണ്ഡിലേക്ക്. ഔലി ഇതിന് പറ്റിയ ടൂറിസ്ററ് സ്പോട്ടാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സീസണ്‍. നന്ദ നദി , നര പര്‍വത മലനിരകള്‍, ഓക്ക് മരങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഔലി പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. ഏക്കറുകളോളം പരന്ന് കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളാണ് മറ്റൊരു പ്രത്യേകത.

8. തവാംഗ് , അരുണാചല്‍ പ്രദേശ്

മഞ്ഞ് വീഴ്ച ആഘോഷമാക്കുന്ന മറ്റൊരു സ്ഥലമാണ് തവാംഗ്. ടിബറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബുദ്ധവിഹാരകേന്ദ്രങ്ങള്‍ നിറഞ്ഞ താഴ്വരയാണ് ഇത്. ഓര്‍ക്കിഡ് സാങ്ച്വറിയാണ് തവാംഗിന്റെ മറ്റൊരു പ്രത്യേകത.

9.നൈനിറ്റാള്‍ , ഉത്തരാഘണ്ഡ്

തടാകങ്ങളും കുന്നുകളും നിറഞ്ഞ നൈനിറ്റാള്‍ ഉത്തരേന്ത്യയിലെ പ്രധാന ടൂറിസ്റ്റ്് സ്പോട്ടുകളിലൊന്നാണ്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാനെത്തുന്നത്. നൈനി തടാകത്തിലെ ബോട്ട് സവാരിയും പ്രസിദ്ധമാണ്. പുസ്തകങ്ങള്‍ , തുണികള്‍ , സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മാര്‍ക്കറ്റ് നൈനിറ്റാളിലാണുള്ളത്. ഫ്രഷ് സ്ട്രോബറികളും ഇവിടെ സുലഭമായി ലഭിക്കും.

10.മുന്‍സിയാരി , ഉത്തരാഘണ്ഡ്.

ചെറിയ കാശ്മീര്‍ എന്നറിയപ്പെടുന്ന ഇവിടം ടൂറിസ്റ്റുകളുടെ ശ്രദ്ധയില്‍ അധികം പെട്ടിട്ടില്ല. ട്രക്കിങ്ങിന് പറ്റിയ ഡെസ്റ്റിനേഷനാണിത്.

Exit mobile version