വാക്സിന്‍ അനുമതിക്കുള്ള അപേക്ഷകള്‍ ഇന്ന് വിദഗ്ധ സമിതി പരിശോധിക്കും

covid vaccine | big news live

ന്യൂഡല്‍ഹി: വാക്സിന്‍ അനുമതിക്കുള്ള അപേക്ഷകള്‍ ഇന്ന് വിദഗ്ധ സമിതി പരിശോധിക്കും. ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക. അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊവാക്‌സിന്‍, കോവിഷീല്‍ഡ്, ഫൈസര്‍ എന്നീ കൊവിഡ് വാക്‌സിനുകളാണ് അനുമതി തേടിയിട്ടുള്ളത്.


പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അടിയന്തര വാക്‌സിന്‍ ഉപയോഗത്തിനായി ആദ്യം ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്ഡ് വാക്‌സിനായാണ് അനുമതി തേടിയത്. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെകിന്റെ കൊവാക്‌സീനും അപേക്ഷ സമര്‍പ്പിച്ചത്. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സീന്‍ വികസിപ്പിക്കുന്നത്.


അതേസമയം അമേരിക്കന്‍ കമ്പനിയായ ഫൈസറും വാക്‌സിന്‍ ഇറക്കുമതിക്കും വിതരണത്തിനും അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് അപേക്ഷകളെല്ലാം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. വാക്‌സീന്‍ അനുമതി വൈകില്ലെന്നും ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നുമാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്. വാക്‌സിന്‍ സംഭരണത്തിനായി ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കുന്നുണ്ട്.

Exit mobile version