പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് ജ്യേഷ്ഠന്റെ അനുഗ്രഹം തേടി രജനീകാന്ത്

ബംഗളൂരു: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് മുമ്പ് ജ്യേഷ്ഠന്റെ അനുഗ്രഹം തേടി രജനീകാന്ത്. ജ്യേഷ്ഠന്‍ സത്യനാരായണ റാവുവിനെ കാണാന്‍ രജനീകാന്ത് ബംഗളൂരുവില്‍ എത്തുകയായിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ജ്യേഷ്ഠനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അതേസമയം സ്‌റ്റൈല്‍ മന്നന്‍ എത്തിയ വിവരം അറിഞ്ഞ് ഒട്ടേറെ ആരാധകരാണ് ബംഗളൂരുവിലെ വസതിയില്‍ എത്തിയത്.

തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം നേരത്തേ അറിയിച്ചിരുന്നു. ജനുവരിയില്‍ പാര്‍ട്ടി ലോഞ്ചിങ് ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ‘രജനി മക്കള്‍ മണ്ട്ര’ത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടി രൂപീകരിക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് രജനി പ്രഖ്യാപിച്ചിരുന്നു.


ഇതിന് മുന്നോടിയായി നിലവില്‍ വന്നതാണ് രജനി മക്കള്‍ മണ്ട്രം. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു മൂന്നുവര്‍ഷം മുമ്പ് രജനി പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി രൂപീകരണം നീണ്ട് പോവുകയായിരുന്നു. കൊവിഡ് സാഹചര്യവും, ആരോഗ്യപ്രശ്നങ്ങളും കാരണമാണ് പാര്‍ട്ടി പ്രഖ്യാപനം നീണ്ടു പോയത്.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രമാണ് രജനീകാന്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ പുനഃരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version