കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഞാൻ എപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്; ആശങ്ക സർക്കാർ ദുരീകരിക്കും; ഞാൻ കർഷകർക്കൊപ്പമാണ്: നിലപാട് മാറ്റി കങ്കണ

Kangana | india news

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരെ വിമർശിച്ച് സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായതോടെ നിലപാട് മാറ്റി നടി കങ്കണ റണൗത്ത്. കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ ഷഹീൻബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകിസ് ബാനുവെന്ന് ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു കങ്കണ. ഇതോടെയാണ് സോഷ്യൽമീഡിയ കങ്കണയ്ക്ക് എതിരെ തിരിഞ്ഞത്.

ഇതോടെ, ‘ഞാൻ കർഷകർക്കൊപ്പമാണ്. കഴിഞ്ഞ വർഷം കാർഷിക വനശാസ്ത്രവുമായി ബന്ധപ്പെട്ട കാമ്പയിന് വേണ്ടി ഞാൻ പ്രവർത്തിച്ചിരുന്നു. അതിലേക്ക് സംഭാവനയും ചെയ്തിട്ടുണ്ട്. കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരേ ഞാൻ എല്ലായ്‌പ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. ആ പ്രാർത്ഥനയുടെ ഫലമാണ് ബില്ലിന്റെ രൂപത്തിൽ വന്നത്’- കങ്കണ പറയുന്നു.

ഇതോടൊപ്പെ കാർഷിക ബിൽ കർഷകരുടെ ജീവിതത്തെ മാറ്റിമറയ്ക്കുമെന്നും എന്നാൽ ഇതേക്കുറിച്ച് അപവാദ പ്രചരണങ്ങൾ സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ ഉടൻ തന്നെ സർക്കാർ ഇടപെടുമെന്ന് എനിക്കുറപ്പുണ്ടെന്നും കങ്കണ വിശദീകരിക്കുന്നു. ‘ഞാൻ കർഷകർക്കൊപ്പമാണ്. പഞ്ചാബിന് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്’- കങ്കണ പറയുന്നു.

നേരത്തെ കർഷക സമരത്തിൽ പങ്കെടുത്ത മൊഹീന്ദർ കൗർ എന്ന വയോധികയെയാണ് കങ്കണ ബിൽകിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താൻ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് കങ്കണ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുന്നത്.

Exit mobile version