‘ഞാന്‍ ചതിക്കപ്പെട്ടു, മന്ത്രിസഭയെ നിങ്ങള്‍ ശിഥിലമാക്കി”; മോഡിക്ക് രാജി വെച്ച കേന്ദ്രമന്ത്രിയുടെ കത്ത്

ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഉപേന്ദ്ര കുശ്വാഹ പങ്കെടുക്കും എന്നാണ് സൂചന

പ്രധാനമന്ത്രിക്ക് രാജി വെച്ച കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ കത്ത്. ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) നേതാവായ ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ബീഹാറിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഉപേന്ദ്ര കുശ്വാഹ പങ്കെടുക്കും എന്നാണ് സൂചന.

”എന്നെ നിങ്ങള്‍ ചതിച്ചു”, പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തില്‍ ഉപേന്ദ്ര കുശ്വാഹ കുറിച്ചു. വലിയ വേദനയോടെയാണ് ഞാന്‍ നില്‍ക്കുന്നത്. നിങ്ങളുടെ നേതൃത്വത്താല്‍ ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയാല്‍ അംഗീകരിക്കപ്പെട്ട മന്ത്രിസഭയെ നിങ്ങള്‍ ശിഥിലമാക്കി. മന്ത്രി സഭ താങ്കളുടെ തീരുമാനങ്ങള്‍ അംഗികരിക്കുന്ന ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമായി മാറി.” കുശ്വാഹ എഴുതി.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് കുശ്വാഹ ഈയടുത്ത് പറഞ്ഞിരുന്നെങ്കിലും കുറേകാലമായി ബിജെപിയും ജെഡിയുവുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ കുശ്വാഹയെ പുറത്തേയ്ക്ക് നയിക്കുകയാണ് എന്നാണ് സൂചന.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട്, ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച മുതിര്‍ന്ന നേതാവ് ശരദ് യാദവുമായി ലയനം സംബന്ധിച്ച ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഇരു പാര്‍ട്ടികളുടേയും ലയനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആര്‍എല്‍എസ്പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Exit mobile version