കൈയ്യില്‍ അഞ്ച് പൈസയില്ല, പിതാവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ആടുകളെ മോഷ്ടിച്ച് വിറ്റ് ‘നായകന്മാര്‍’; പിടിയില്‍

ചെന്നൈ: സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ പിതാവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ആടുകളെ മോഷ്ടിച്ച് വിറ്റ നായകന്മാരായ സഹോദരന്മാര്‍ പോലീസ് പിടിയില്‍. തമിഴ്‌നാട്ടിലാണ് ഈ രസകരമായ സംഭവം നടന്നത്.

ന്യൂ വാഷര്‍മെന്‍പേട്ടിലെ സഹോദരന്‍മാരായ എന്‍. നിരഞ്ജന്‍ കുമാര്‍(30), ലെനിന്‍ കുമാര്‍(32) എന്നിവരാണ് പിടിയിലായത്. പിതാവ് വിജയ് ശങ്കര്‍ നിര്‍മ്മിക്കുന്ന ‘നീ താന്‍ രാജ’ എന്ന ചിത്രത്തില്‍ നിരഞ്ജനും ലെനിനുമാണ് നായകന്‍മാര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാന്‍ സഹോദരന്‍മാരുടെ മുന്നില്‍ മറ്റൊരു വഴിയുമില്ലാതെ വന്നതോടെയാണ് ഇരുവരും വിജനമായ ഗ്രാമപ്രദേശങ്ങളില്‍ പോയി അവിടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ആടുകളെ കടത്തിക്കൊണ്ടു പോയി വില്‍പന നടത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും ആടുകളെ മോഷ്ടിച്ച് വില്‍പന നടത്തുകയാണെന്നും മാധവരം പൊലീസ് ശനിയാഴ്ച അറസ്റ്റ് ഇവരെ ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവിനെ സഹായിക്കാനാണ് തങ്ങള്‍ ആടുകളെ മോഷ്ടിച്ചതെന്ന് സഹോദരന്‍മാര്‍ പൊലീസിനോട് പറഞ്ഞു.

ചെറിയ തുകയ്ക്കല്ല ഇവര്‍ മോഷണം നടത്തിയിരുന്നത്. ഒരു ദിവസം എട്ടും പത്തും ആടുകളെ വിറ്റ് 8,000 രൂപ വരെ സമ്പാദിക്കാറുണ്ട്. ചെങ്കല്‍പേട്ട്,മാധവരം,മിഞ്ചൂര്‍, പൊന്നേരി തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശത്ത് മേഞ്ഞുനടക്കുന്ന ആടുകളെ പിടികൂടുകയാണ് ഇവര്‍ ചെയ്തിരുന്നത്.

പിടിക്കപ്പെടാതിരിക്കാന്‍ ഒന്നോ രണ്ടോ ആടുകളില്‍ കൂടുതല്‍ ഇവര്‍ മോഷ്ടിക്കാറുമില്ല. ഒക്ടോബര്‍ 9ന് മാധവരത്തെ പലാനി പ്രദേശത്താണ് ഇവര്‍ മോഷണം നടത്തിയത്. ഇത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

Exit mobile version