പാര്‍ട്ടി രൂപീകരണത്തിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാര്‍; വിജയിയുടെ പ്രസ്താവനക്കെതിരെ പിതാവ് എസ്എ ചന്ദ്രശേഖര്‍

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ തള്ളി പറഞ്ഞ വിജയ്ക്കെതിരെ പിതാവ് എസ്എ ചന്ദ്രശേഖര്‍. പാര്‍ട്ടി രൂപീകരണത്തിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം തുറന്നടിച്ചു. വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷിച്ചതെന്നും എസ്എ ചന്ദ്രശേഖര്‍ പറയുന്നു.

തമിഴ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി രൂപീകരണത്തിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിയുടെ പേരിലാണു വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം എസ്എ ചന്ദ്രശേഖറിന്റെ നീക്കത്തെ തള്ളി അദ്ദേഹത്തിന്റെ ഭാര്യ ശോഭ രംഗത്ത് എത്തി. തന്നെ തെറ്റിധരിപ്പിച്ചാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പിടിച്ചതെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ശോഭ വെളിപ്പെടുത്തുന്നു.

വിജയിയും ചന്ദ്രശേഖറും തമ്മില്‍ ഈ പ്രശ്നത്തെ തുടര്‍ന്ന് കുറച്ച് കാലമായി പരസ്പരം സംസാരിക്കാറില്ലെന്നും ശോഭ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിജിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

Exit mobile version