സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ആലോചന; 35 വര്‍ഷത്തിനു മുകളില്‍ സര്‍വീസുണ്ടെങ്കില്‍ മാത്രം മുഴുവന്‍ പെന്‍ഷന്‍

ന്യൂഡല്‍ഹി: സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടാനും നേരത്തേ വിരമിക്കുന്ന സൈനികരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേണല്‍- 57 (നേരത്തേ 54), ബിഗ്രേഡിയര്‍-58 (56), മേജര്‍ ജനറല്‍-59 (58) എന്നിവരുടെ വിരമിക്കല്‍ പ്രായം ഈ രീതിയില്‍ ഉയര്‍ത്തണമെന്നാണ് നിര്‍ദേശത്തിലുള്ളത്.

സേനയിലെ ലോജിസ്റ്റിക്സ്, ടെക്‌നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെസിഒ), മറ്റുള്ള റാങ്കുകാര്‍ (ഒആര്‍) എന്നിവരുടെ വിരമിക്കല്‍ പ്രായം 57 ആക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. കരസേനയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എനിജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും ഇതാണ് ബാധകം.

അതേസമയം ചെറുപ്പത്തില്‍ത്തന്നെ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്നതുകാരണം വന്‍ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെന്‍ഷന്‍ പരിഷ്‌കരണം. 20-25 വര്‍ഷ സേവനം ഉള്ളവര്‍ക്ക് നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്‍ഷന്‍. 26-30 വര്‍ഷത്തെ സേവനമുള്ളവര്‍ക്ക് 60 ശതമാനം പെന്‍ഷന്‍. 31-35 വര്‍ഷത്തെ സേവനമുള്ളവര്‍ക്ക് 75 ശതമാനം പെന്‍ഷന്‍. 35 വര്‍ഷത്തിനു മുകളില്‍ സര്‍വീസ് ഉള്ളവര്‍ക്കാണ് മുഴുവന്‍ പെന്‍ഷന്‍.

Exit mobile version