‘മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നു’; അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് പ്രകാശ് ജാവഡേക്കര്‍

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍
പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. അര്‍ണബിനെ കൈയ്യേറ്റം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമമാണെന്നും ഇത് നമ്മളെ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘മഹാരാഷ്ട്രയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നു’എന്നാണ് പ്രകാശ് ജാവദേക്കര്‍ ട്വീറ്ററില്‍ കുറിച്ചത്.

ഇന്ന് രാവിലെയാണ് അര്‍ണബ് ഗോസ്വാമിയെ വസതിയില്‍നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. കേസില്‍ നേരത്തെ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.

Exit mobile version