രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; 49881 പുതിയ രോഗികള്‍, മരണസംഖ്യ 1.20 ലക്ഷമായി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 49881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 80,40,203 ആയി ഉയര്‍ന്നു. 517 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,20,527 ആയി ഉയര്‍ന്നു. 6,03,687 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 73,15,989 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വരെയായി 10,65,63,440 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം 10,75,760 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെങ്കിലും ജനങ്ങള്‍ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത മൂന്ന് മാസം നിര്‍ണായകമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.

നിലവില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. ഇന്നലെ 8790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5,673ഉം കര്‍ണാടകയില്‍ 3,146 ഉം മഹാരാഷ്ട്രയില്‍ 6738 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version