രാഷ്ട്രീയ എതിരാളിയെ ഭ്രാന്തനെന്ന് വിളിച്ച സംഭവം; മധ്യപ്രദേശിലെ ബിജെപി വനിതാ നേതാവ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി വനിതാ നേതാവ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാഷ്ട്രീയ എതിരാളിയെ ഭ്രാന്തനെന്ന് വിളിച്ച സംഭവത്തിലാണ് ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരായിരുന്നു ഇമാര്‍തി ദേവിയുടെ പ്രസ്താവന. കമല്‍നാഥ് ഒരു ബംഗാളിയാണ്. അദ്ദേഹം ഇവിടേക്ക് മുഖ്യമന്ത്രിയായി വന്ന ആളാണ്. എങ്ങനെ സംസാരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ല. മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഭ്രാന്തനായിപ്പോയി. അദ്ദേഹമിങ്ങനെ സമനിലതെറ്റി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ഇമാര്‍തിയുടെ പ്രസ്താവനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

അതേസമയം ഇമാര്‍തിയെ കമല്‍നാഥ് ‘ഐറ്റം’ എന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ കമല്‍നാഥിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. സംഭവത്തില്‍ കമല്‍ നാഥിന്റെ വിശദീകരണം ലഭിച്ച ശേഷം ഇനി അത്തരം പരാമര്‍ശങ്ങള്‍ പരസ്യമായി ഉണ്ടാവരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version