ദസറ ആഘോഷം; ദേവീ വിഗ്രഹത്തെ അലങ്കരിച്ചത് 1,11,11,111 രൂപ മൂല്യമുള്ള നോട്ടുകളില്‍!

ഹൈദരാബാദ്: ദസറ ആഘോഷത്തിന്റെ ഭാഗമായി തെലങ്കാനയിലെ വാസവി കന്യക പരമേശ്വരി ദേവി ക്ഷേത്രത്തില്‍ ദേവീ വിഗ്രഹത്തെ അലങ്കരിച്ചത്, ഒരു കോടിയിലേറെ വിലമതിക്കുന്ന കറന്‍സി നേട്ടുകള്‍ കൊണ്ട്. ഭക്തര്‍ സംഭാവന നല്‍കിയ നേട്ടുകള്‍ ഉപയോഗിച്ച് ദേവീ വിഗ്രഹത്തെ ആകര്‍ഷകമായ രീതിയില്‍ അലങ്കരിക്കുകയായിരുന്നു.

വിഗ്രഹത്തില്‍ മാത്രമല്ല ക്ഷേത്രചുവരുകളിലും സന്നിധിയിലും നോട്ടുകള്‍ കൊണ്ടാണ് അലങ്കാരങ്ങള്‍. വ്യത്യസ്ത നിറത്തിലുള്ള നോട്ടുകള്‍ മടക്കി മാലകളും പൂച്ചെണ്ടുകളും നിര്‍മ്മിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ആകെ 1,11,11,111 രൂപ മൂല്യം വരുന്ന നോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ദേവിയെ നോട്ടുകളും സ്വര്‍ണാഭരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുന്നത് ക്ഷേത്രത്തില്‍ പതിവ് കാഴ്ചയാണ്.

കഴിഞ്ഞ വര്‍ഷം 3.33 കോടി രൂപ മൂല്യമുള്ള നോട്ടുകളിലാണ് ദേവിയെ അലങ്കരിച്ചതെന്ന് ക്ഷേത്ര ട്രഷറര്‍ പി രാമു പറയുന്നു. കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിഗ്രഹത്തെ അലങ്കരിക്കാനുള്ള നോട്ടുകളുടെ മൂല്യം ഇത്തവണ കുറഞ്ഞതെന്നും അദ്ദേഹം പറയുന്നു. പ്രദേശത്തെ അമ്പതോളം ഭക്തരില്‍ നിന്നുള്ള സംഭാവനയാണ് ഈ പണമെന്നും പൂജയ്ക്ക് ശേഷം പണം അവര്‍ക്കുതന്നെ തിരിച്ചുനല്‍കുമെന്നും ക്ഷേത്ര ട്രഷറര്‍ പ്രതികരിച്ചു.

Exit mobile version