14 ദിവസം മുന്‍പ് കാണാതായ 27കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ശുചിമുറിയില്‍; മൃതദേഹം അഴുകിയ നിലയില്‍

മുംബൈ: 14ദിവസം മുന്‍പ് കാണാതായ 27കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ക്ഷയ രോഗ ബാധിതനായ സൂര്യബാന്‍ യാദവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സെവ്ട്രിയിലെ ടിബി ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയില്‍നിന്ന് കാണാതായത്. ആശുപത്രി ബ്ലോക്കിലെ ശുചിമുറുകള്‍ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതും ആയിരുന്നിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് ദുരൂഹതകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിടുകയും വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. മരിച്ചിട്ട് ദിവസങ്ങളോളം കഴിഞ്ഞതിനാല്‍ ശരീരം അഴുകിയിരുന്നു, ഇതേതുടര്‍ന്ന് തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് യാദവിന്റേതാണെന്ന് വ്യക്തമായത്.

സെപ്തംബര്‍ 30നാണ് യാദവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അയാള്‍ കൃത്യമായി അഡ്രസ്സ് നല്‍കിയിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ശുചിമുറിയില്‍ പോയപ്പോള്‍ ശ്വാസതടസ്സം വന്ന് വീണതാകാമെന്നാണ് സംഭവത്തില്‍ ജീവനക്കാരുടെ വാദം. ഞങ്ങള്‍ ഇയാളെ കാണാതായത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ടിബി രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോകുന്നത് സാധാരണയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരാളുടെ മരണം സംഭവിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ച് രംഗതത്തെത്തി.

Exit mobile version