വൈറസ് വ്യാപനവും, ലോക്ക് ഡൗണും; വരുമാനം നിലച്ചതോടെ യൂട്യൂബ് നോക്കി കള്ളനോട്ടടി; തമിഴ്‌നാട്ടില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇറോഡ്: യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കിയാണ് ഇവര്‍ കള്ളനോട്ടടിച്ചത് എന്ന് പോലീസ് പറയുന്നു. ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് സ്വന്തമായി നോട്ടുനിര്‍മാണം തുടങ്ങിയത്.

ഇവരുടെ കൈയ്യില്‍ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകളും പോലീസ് കണ്ടെടുത്തു. മണിക്കപാളയം സ്വദേശികളായ എം സതീഷും, സദ്വന്ദറും മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവര്‍ പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നല്‍കിയശേഷം മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു. അതേസമയം, നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പോലീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യൂട്യൂബില്‍ ലഭ്യമായ നോട്ട് നിര്‍മ്മിക്കുന്നതിനുള്ള വീഡിയോകള്‍ കണ്ടായിരുന്നു നിര്‍മ്മാണം. യഥാര്‍ത്ഥ നോട്ടുകള്‍ സ്‌കാന്‍ ചെയ്‌തെടുത്തു തിളക്കമുള്ള എഫോര്‍ പേപ്പറുകളില്‍ കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘം.

Exit mobile version