‘പാകിസ്താന്‍ പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടു’; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് 10.3 ശതമാനം ഇടിവുണ്ടാകുമെന്ന ഐഎംഎഫിന്റെ പ്രവചനം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ‘മികച്ച നേട്ടം’ എന്നും രാഹുല്‍ പരിഹസിച്ചു.

‘ബിജെപി സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം, പാകിസ്താനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡ് കൈകാര്യം ചെയ്തു’ – രാഹുല്‍ ട്വീറ്റ് ചെയ്തു. ആളോഹരി മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (പെര്‍ക്യാപ്പിറ്റ ജിഡിപി) ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിജെപിയുടെ ആറു വര്‍ഷത്തെ ‘വിദ്വേഷപൂരിതമായ സാംസ്‌കാരിക ദേശീയത’യുടെ ഫലമാണ് സാമ്പത്തിക തകര്‍ച്ചയെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version