സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യമൊരുക്കി പൈതൃക തീവണ്ടി ലക്ഷ്വറി സര്‍വ്വീസ് ഇന്നുമുതല്‍

ഡിസംബര്‍ 8 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേയാണ് തീവണ്ടി ഓടിക്കുക.

മേട്ടുപ്പാളയം: ഇനിമുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പൈതൃക തീവണ്ടിയുടെ പ്രത്യേക ലക്ഷ്വറി സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഡിസംബര്‍ 8 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേയാണ് തീവണ്ടി ഓടിക്കുക. കഴിഞ്ഞ സീസണില്‍ ചില ആഴ്ചകള്‍ താത്കാലികമായി ഓടിയ തീവണ്ടി റെയില്‍വേ ബോര്‍ഡ് ഉന്നതര്‍ ഇടപെട്ടാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറക്കിയത്.

ശനിയാഴ്ച ദിവസങ്ങളില്‍ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്ക് ഒരു സര്‍വ്വീസും തിരിച്ച് ഞായറാഴ്ച ഒരു സര്‍വ്വീസ് ഓടിക്കാനാണ് നിലവില്‍ പദ്ധതി. മേട്ടുപ്പാളയത്ത് നിന്ന് 9.10 ന് 3 കോച്ചുകളുമായി പുറപ്പെടുന്ന വണ്ടി കല്ലാര്‍, അഡര്‍ലി, ഹില്‍ഗ്രോ, റണ്ണിമേട് സ്റ്റേഷനുകളില്‍ നിര്‍ത്തും. 12.30 ന് കൂനൂരില്‍ എത്തുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് 4.30ന് മേട്ടുപ്പാളയത്ത് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഊട്ടിയിലേക്ക് തീവണ്ടിയില്‍ പോകാനുള്ളവര്‍ക്ക് ഊട്ടി-കൂനൂര്‍ സാധാരണ സര്‍വ്വീസുകള്‍ ലഭിക്കും. വിനോദസഞ്ചാരികള്‍ക്ക് ഊട്ടിയില്‍ ഒരു ദിവസം തങ്ങി ഇതേ വണ്ടിയില്‍ തിരിച്ചുവരികയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

32 ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും 100 സെക്കന്‍ഡ് ക്ലാസ്സ് സീറ്റുകളുമാണ് ഉള്ളത്. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് നിരക്ക് നികുതിയുള്‍പ്പെടെ 1210 രൂപയും, സെക്കന്‍ഡ് ക്ലാസ്സ് നിരക്ക് 815 രൂപയുമാണ്. പ്രത്യേക തീവണ്ടി സര്‍വ്വീസ് എന്നതിനാല്‍ നിരക്കിളവ് പ്രതീക്ഷിക്കരുത്. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ടിക്കറ്റ് തുകയുടെ 10 ശതമാനം നിരക്കിളവുണ്ട്. കൂടാതെ യാത്രയുടെ ഓര്‍മ്മയ്ക്കായി ചെറിയ സമ്മാനവും ലഭിക്കും.

Exit mobile version