എന്റെ മക്കളെ വിദ്വേഷം കൊണ്ട് പടുത്തുയർത്തുന്ന ഒരിന്ത്യയിൽ വളർത്തില്ല: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറയാനാകില്ലെന്നും മോഡിയെ എതിർക്കുന്ന വ്യവസായി രാജീവ് ബജാജ്

ന്യൂഡൽഹി: വിദ്വേഷം പടർത്തുന്ന മൂന്ന് ചാനലുകൾക്ക് പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രാജ്യത്തെ പ്രമുഖ വ്യവസായി രാജീവ് ബജാജ് രംഗത്ത്. തന്റെ കുട്ടികളെ വിദ്വേഷം കൊണ്ട് പടുത്തുയർത്തുന്ന ഒരിന്ത്യയിൽ വളർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബജാജ് ഓട്ടോ ഉടമയായ രാജീവ് ബജാജ് പറഞ്ഞു. ഇന്ത്യയിലെ മുഖ്യധാരാ സാമൂഹിക മാധ്യമങ്ങളുടെ നിലവിലെ ്‌വസ്ഥയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെയും ബജാജ് നിശിതമായി വിമർശിച്ചു.

തന്റെ കുടുംബ സുഹൃത്ത് കൂടിയായ എംഎസ് ധോണിയുടെ മകൾക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയർന്ന ബലാത്സംഗ ഭീഷണിയും തന്റെ കടുത്ത തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വിവരിച്ചു. വിദ്വേഷ പ്രചാരണത്തിൽ ഏർപ്പെടുന്ന മൂന്ന് വാർത്താ ചാനലുകളിൽ നിന്ന് പരസ്യം പിൻവലിച്ച ആദ്യത്തെ കമ്പനിയാണ് ബജാജ്. ബജാജിന് പിന്നാലെ ‘പാർലെ’ അടക്കമുള്ള പല കമ്പനികളും ഈ തീരുമാനം പിന്തുടർന്നിരുന്നു.

‘വിദ്വേഷ പ്രചരണത്തിന് സാമ്പത്തികമായി സഹായം നൽകുന്നത് നിർത്തുക എന്ന ഉദ്യേശത്തോടെയാണ് അത്തരം ഉള്ളടക്കം പുറത്തുവിടുന്നവർക്ക് പരസ്യം നൽകില്ലെന്ന് തീരുമാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ തീരുമാനമാണ്, കാരണം എന്റെ കുട്ടിയെ, അല്ലെങ്കിൽ എന്റെ സഹോദരന്റെ മക്കളെ ഇത്തരം വെറുപ്പിൽ കെട്ടിപ്പടുക്കുന്ന ഒരു സമൂഹത്തിൽ വളർത്താൻ കഴിയില്ല. അങ്ങനെ പരിഗണിക്കുമ്പോൾ ഇത് ഒരു ലളിതമായ തിരഞ്ഞെടുപ്പായിരുന്നു, ഞാനത് നടത്തി’, രാജീവ് ബജാജ് പറഞ്ഞു.

സമാധാനവും സമത്വവും തനിക്ക് വളരെ പ്രധാനമായതിനാൽ പത്രങ്ങളും ഉപയോഗിക്കുന്നില്ലെന്ന് രാജീവ് ബജാജ് പറയുന്നു. ധോണിയുടെ മകൾക്ക് നേരെ ഉയർന്ന ഭീഷണിയും അമിതാഭ് ബച്ചൻ കൊവിഡ് 19 ബാധിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ച് വന്ന പോസ്റ്റുകളും രാജീവ് ബജാജ് ചൂണ്ടിക്കാണിച്ചു. ഉള്ള കാര്യം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്ക് ഒരിക്കലും തിരിച്ചടി ലഭിച്ചിട്ടില്ലെന്നും രാജീവ് ബജാജ് പറയുന്നു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജീവ് ബജാജിന്റെ പ്രതികരണം

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗമായിരുന്ന ബജാജ് കുടുംബത്തിലെ അംഗമാണ് എന്നതുകൊണ്ടും തന്റെ അച്ഛൻ പാർലമെന്റ് അംഗമായിരുന്നു എന്നതുകൊണ്ടും താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നും ഒരിക്കലുമില്ല എന്ന് പറയാനാകില്ലെന്നും രാജീവ് ബജാജ് കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യയിലെ വിനിമയത്തിലുള്ള 85 ശതമാനം കറൻസി നോട്ടുകളും ഒറ്റരാത്രികൊണ്ട് പിൻവലിച്ച മോഡി സർക്കാരിന്റെ മോശം തീരുമാനത്തെ വിമർശിച്ചും രാജീവ് ബജാജ് വ്യത്യസ്തനായിരുന്നു. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പ്രമുഖ വ്യവസായികളിലൊരാൾ കൂടിയാണ് രാജീവ് ബജാജ്. ഒരിക്കലും അതു വേണ്ടിവന്നിട്ടില്ലെന്ന് ബജാജ് പറയുന്നു.

Exit mobile version