ടിക്ക് ടോക്കിന് വീണ്ടും തിരിച്ചടി; ഇന്ത്യക്ക് പിന്നാലെ പാകിസ്താനും ടിക്ക് ടോക്ക് നിരോധിച്ചു

ഇസ്ലാമാബാദ്: ഇന്ത്യ ടിക്ക് ടോക്ക് നിരോധിച്ചതിന് പിന്നാലെ പാകിസ്താനും ചൈനീസ് ആപ്പായ ടിക്ക് ടോക്ക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താത്ക്കാലികമായിട്ടാണ് നിരോധനം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ടിക്ടോക്കില്‍ സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങളാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്ടോക് പരാജയപ്പെട്ടു. അതിനാലാണ് രാജ്യത്ത് ആപ്ലിക്കേഷന്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത് എന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി പറഞ്ഞു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം പിന്‍വലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ടിക്ടോകിന് നിരോധനം സംബന്ധിച്ച അന്തിമ മുന്നറിയിപ്പ് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി മാസങ്ങള്‍ക്ക് പിന്നിടുമ്പോഴേക്കും പാകിസ്താനിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ടിക്ക് ടോക്കിന് വന്‍തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.

Exit mobile version