കോവിഡ് വ്യാപിക്കുന്നത് കണ്ട് അഭിനയം നിര്‍ത്തി വീണ്ടും നഴ്‌സ് കുപ്പായം അണിഞ്ഞു, രോഗികളെ പരിചരിക്കുന്നതിനിടെ നടി ശിഖ മല്‍ഹോത്രയ്ക്ക് വൈറസ് ബാധ, ഉടന്‍ തിരിച്ചുവരുമെന്ന് താരം

ന്യൂഡല്‍ഹി: നടി ശിഖ മല്‍ഹോത്രയ്ക്ക് കോവിഡ്. താനും രോഗബാധിതയായെന്ന് ശിഖ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതോടെ അഭിനയമൊക്കെ നിര്‍ത്തിവെച്ച് തന്റെ നഴ്‌സ് കുപ്പായം വീണ്ടുമണിയുകയായിരുന്ന ശിഖയ്ക്ക് രോഗികളെ പരിചരിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ചത്.

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൌരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണെന്നും പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും ശിഖ പറയുന്നു.

എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്‌സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്‌ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്‌നേഹത്തിന് നന്ദിയെന്നും ശിഖ വ്യക്തമാക്കി.

ഡല്‍ഹിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ശിഖ നഴ്‌സിങില്‍ ബിരുദം നേടിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് താന്‍ സ്വയംസന്നദ്ധയായി രോഗികളെ പരിചരിക്കാന്‍ പോവുകയാണെന്നാണ് ശിഖ ആറ് മാസം മുന്‍പ് പറഞ്ഞത്.

നഴ്‌സ് എന്ന നിലയിലും കലാകാരി എന്ന നിലയിലും രാജ്യത്തെ സേവിക്കാന്‍ എന്നും താനുണ്ടാകും. മുംബൈയിലെ ജോഗേശ്വരിയിലാണ് ശിഖ നഴ്‌സായി കോവിഡ് രോഗികളെ പരിചരിച്ചത്. സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ, റണ്ണിങ് ശാജി, ഫാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version