പ്രതികളെ സംരക്ഷിക്കാൻ ശ്രമം തുടർന്ന് ബിജെപി; ജാതി അടിസ്ഥാനത്തിൽ പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ ബിജെപി നേതാവിന്റെ വീട്ടിൽ യോഗം

ലഖ്‌നൗ: വീണ്ടും പ്രതികളുടെ പക്ഷം ചേർന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് യുപിയിലെ ബിജെപി. ഹഥ്‌റാസ് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ബിജെപി നേതാവിന്റെ വീട്ടിൽ ജാതി അടിസ്ഥാനത്തിൽ യോഗം ചേർന്നെന്ന് ആരോപണം. പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്നും യോഗത്തിനെത്തിയവർ ആവശ്യപ്പെട്ടു. ബിജെപി മുൻ എംഎൽഎ രാജ്‌വീർ സിങ് പെഹൽവാന്റെ വസതിയിലാണ് നൂറുകണക്കിനുപേർ യോഗം ചേർന്നത്. പ്രതികളുടെ ബന്ധുക്കളും യോഗത്തിൽ പങ്കെടുത്തെന്നാണ് വിവരം.

പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യോഗത്തിനെത്തിയവർ ചൂണ്ടിക്കാട്ടി. കുറ്റവാളികളെ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും അവർ കുറ്റം ചെയ്തിട്ടില്ലെന്നും യോഗത്തിൽ വാദം ഉയർന്നു. പാർട്ടി എന്ന രീതിയിലല്ല, സ്വന്തം നിലയ്ക്കാണ് താൻ യോഗത്തിൽ പങ്കാളിയായതെന്ന് ബിജെപി നേതാവ് പറഞ്ഞു. പെഹൽവാന്റെ മകൻ മഹാവീർ സിങ് വീട്ടിൽ നടന്നത് ഉയർന്ന ജാതിക്കാരുടെ യോഗമാണെന്ന കാര്യം നിഷേധിച്ചു. വിവിധ സമുദായത്തിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തെന്ന് മഹാവീർ സിങ് പറഞ്ഞു. യുപി മുഖ്യമന്ത്രി ഉത്തരവിട്ട സിബിഐ അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇരയുടെ കുടുംബാംഗങ്ങൾ തങ്ങളുടെ നിലപാട് മാറ്റുകയാണെന്നും സിങ് പറഞ്ഞു.

ഇരയുടെ ഗ്രാമത്തിൽ നിന്ന് ഏറെ അകലെയാണ് ബിജെപി നേതാവിന്റെ വീട്. യോഗത്തിന്റെ പ്രദേശത്ത് പോലീസുകാരെ വിന്യസിച്ചായിരുന്നു യോഗം ചേർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനാണ് ഈ രംഗം മുഴുവൻ സൃഷ്ടിക്കപ്പെട്ടത്. പ്രതികൾ ഏത് തരത്തിലുള്ള അന്വേഷണത്തിനും അനുകൂലമാണ്. എന്നാൽ ഇരകൾ എല്ലായ്‌പ്പോഴും അവരുടെ നിലപാട് മാറ്റുകയാണ്. അവർക്ക് നാർകോ പരിശോധനയോ സിബിഐ അന്വേഷണമോ ആവശ്യമില്ല. ഇപ്പോൾ അവർക്ക് മറ്റ് തരത്തിലുള്ള അന്വേഷണങ്ങൾ വേണമെന്നാണെന്നും മഹാവീർ സിങ് ആരോപിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടുന്ന ഠാക്കൂർ വിഭാഗക്കാരാണ് ഹഥ്‌റാസിൽ ആരോപണ വിധേയരായ പ്രതികൾ. ഇവരുടെ യോഗമാണ് നടന്നത്. ബിജെപി പ്രത്യക്ഷത്തിൽ തന്നെ പ്രതികളുടെകൂടെയാണെന്ന് തെളിയിക്കുന്നതാണ് ജാതി യോഗമെന്ന് പ്രദേശത്തെ പട്ടികജാതി നേതാക്കൾ പറഞ്ഞു.

Exit mobile version