അടുത്ത വർഷം ജൂലൈയിൽ രാജ്യത്തെ 25 കോടിയോളം ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും; സർക്കാർ 50 കോടി വാക്‌സിനുകൾ വാങ്ങും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 25 കോടിയോളം ജനങ്ങൾക്ക് 2021 ഓടെ കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. 40 മുതൽ 50 കോടിയോളം വാക്‌സിനുകൾ വാങ്ങാനും ജനങ്ങൾക്ക് വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. 2021 ജൂലൈയോടെ 20 മുതൽ 25 കോടിയോളം ആളുകൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്ന സൺഡെ സംവാദ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് ബാധ മാരകമാകാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബർ അവസാനത്തോടെ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കാകും വാക്‌സിൻ ആദ്യ ഘട്ടത്തിൽ നൽകുക.

ഇന്ത്യയിലെത്തുന്ന വാക്‌സിന്റ ഓരോ ഡോസും കൃത്യമായി അർഹതപ്പെട്ടവരിൽ എത്തുന്നുവെന്നും അവ കരിഞ്ചന്തയിൽ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ കൃത്യമായ നിരീക്ഷണം നടത്തും. മുൻകൂട്ടി തീരുമാനിച്ച രീതിയിൽ തന്നെ മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ വിതരണം ചെയ്യും.

വാക്‌സിൻ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വികെ പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ വരുംമാസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version