രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മ; മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തൊഴിലില്ലായ്മ കാരണം ധാരാളം ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല. അതിനാല്‍ മനുഷ്യന്റെ ലൈംഗിക ചോദന ശമിപ്പിക്കാന്‍ കഴിയുന്നില്ല. ഇതാണ് രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിന് കാരണമെന്നും മാര്‍കണ്ഡേയ കട്ജു പറഞ്ഞു.

അതേസമയം ഇത് ഒന്നും ബലാത്സംഗത്തിനുള്ള ന്യായീകരണമല്ലെന്നും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും കട്ജു പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു കട്ജു ഇക്കാര്യം പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്:

ഹഥ്രസ് കൂട്ടബലാത്സംഗത്തെ ഞാന്‍ അപലപിക്കുന്നു, കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.എങ്കിലും, മറുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യരുടെ സ്വാഭാവിക പ്രേരണയാണ് ലൈംഗികത. ഭക്ഷണത്തിനുശേഷം അടുത്ത ആവശ്യം ലൈംഗികതയാണെന്ന് ചിലപ്പോള്‍ പറയാറുണ്ട്.

ഇന്ത്യയെപ്പോലുള്ള യാഥാസ്ഥിതിക സമൂഹത്തില്‍ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയൂ. വന്‍തോതില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം ധാരാളം ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല. സാധാരണ ഗതിയില്‍ ഒരു പെണ്‍കുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം, പ്രായമായിട്ടും ധാരാളം ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ലൈംഗിക ചോദന ശമിപ്പിക്കാന്‍ കഴിയുന്നില്ല.

1947ന് മുമ്പ് അവിഭക്ത ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 42 കോടി ആയിരുന്നു. ഇന്ന് ഇന്ത്യയില്‍ മാത്രം 135 കോടി ജനങ്ങളുണ്ട്. അതായത് ജനസംഖ്യയില്‍ നാലിരട്ടി വര്‍ധനയുണ്ടായി. എന്നാല്‍, തൊഴിലുകളുടെ എണ്ണം അതിനനുസരിച്ച് വര്‍ധിച്ചില്ല. വാസ്തവത്തില്‍, ഈ വര്‍ഷം ജൂണില്‍ മാത്രം 12 കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കില്ലേ?

ഞാന്‍ ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പകരം ഞാന്‍ അതിനെ അപലപിക്കുന്നു. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതി കണക്കിലെടുക്കുമ്പോള്‍ അവ വര്‍ധിക്കും. ബലാത്സംഗം അവസാനിപ്പിക്കാനോ കുറക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലില്ലായ്മ ഇല്ലാത്ത, അല്ലെങ്കില്‍ കുറഞ്ഞ ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ ഇന്ത്യയില്‍ സൃഷ്ടിക്കണം.കൂട്ടബലാത്സംഗത്തെ ഞാന്‍ അപലപിക്കുന്നു, കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

Exit mobile version