കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് പിന്നെ എന്താണ്; ബാബരി വിധിയെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ പ്രതികളായവരെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തെ തുടര്‍ന്നുള്ള കേസ് പിന്നെ എന്താണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു.

‘ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണ് ?-ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നുമാണ് കോടതി പറഞ്ഞത്. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.

Exit mobile version