ജനം തിരഞ്ഞവരില്‍ ഒന്നാമന്‍ നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധിയ്ക്കും തൈമൂറിനും പ്രിയാ വാര്യര്‍ക്കും ഇടം! 2018 ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടിക പുറത്ത് വിട്ട് യാഹു

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉണ്ട്.

ന്യൂഡല്‍ഹി: 2018 ല്‍ ജനം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ പ്രമുഖരുടെ പട്ടിക പുറത്ത് വിട്ട് യാഹു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്. മുത്തലാഖ്, സ്വവര്‍ഗരതി നിയമവിധേയമാക്കിയ വിധികള്‍ എന്നിവ പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്ര ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ മൂന്നാം സ്ഥാനത്തുള്ളത്.

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉണ്ട്. മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം വിവാഹിതരായ ബോളിവുഡ് താരജോഡികളായ ദീപികയും രണ്‍വീറും പട്ടികയില്‍ ഇടംനേടി.

കരീന കപൂര്‍-സെയ്ഫ് അലിഖാന്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലിഖാനാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാള്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും പട്ടികയിലുണ്ട്. ഭയവും ആശങ്കയുമില്ലാതെ മീടു വെളിപ്പെടുത്തലുകളില്‍ നടത്തിയവരെ ഈ വര്‍ഷത്തെ മികച്ച വ്യക്തികളായി പട്ടികയില്‍ തെരഞ്ഞെടുത്തു. 2018ല്‍ ആളുകള്‍ ഏറ്റവും തിരഞ്ഞ നടിമാരുടെ പട്ടികയില്‍ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് ഒന്നാം സ്ഥാനത്ത്. ബോളിവുഡ് നടിമാരായ സോനാലി ബെന്ദ്രെ, സണ്ണി ലിയോണ്‍ എന്നിവരും മലയാളതാരം പ്രിയ പ്രകാശ് വാര്യറും പട്ടികയില്‍ ഇടംനേടി.

Exit mobile version