ബോളിവുഡിനെ വിറപ്പിച്ച് എൻസിബി; ദീപികയുടേയും സാറയുടേയും രാകുലിന്റേയും മൊബൈൽ പിടിച്ചെടുത്തു

മുംബൈ: ബോളിവുഡ് താരം നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മയക്കുമരുന്ന് ശൃംഖലകളെ തേടിയുള്ള കേസിന്റെ ഭാഗമായി വിവിധ താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു. നടി ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരടക്കമുള്ളവരുടെ ഫോണുകളാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത്.

ദീപിക പദുകോണിനെ ഇന്നലെ ആറു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതോടൊപ്പം തന്നെ സാറ അലി ഖാന്റേയും ശ്രദ്ധ കപൂറിന്റേയും ചോദ്യം ചെയ്യലുകൾ പൂർത്തിയായി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ ഫോൺ പിടിച്ചെടുത്തത്. ഫോണുകളിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചാറ്റുകൾ നടത്തിയത് പരിശോധിക്കാൻ വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

‘ഡി’ എന്നു ചുരുക്കപ്പേരിൽ പരിചയപ്പെടുത്തിയ ഒരാളുമായി ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പ്രധാന തെളിവായി അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്. ജൂൺ 14ന് സുശാന്ത് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബോളിവുഡ് നടി റിയ അറസ്റ്റിലാകുന്നതോടെയാണ് ലഹരി മാഫിയയുടെ സ്വാധീനവലയം അന്വേഷണ പരിധിയിലെത്തുന്നത്.

സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ റിയ ചക്രബർത്തി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തതിയതായായിരുന്നു സൂചന. ഇത് ശരിവെയ്ക്കുന്നതാണ് ചോദ്യംചെയ്തവരുടെ പട്ടിക.

Exit mobile version